ലോൺ ആപ്പ് സംഘങ്ങളുടെ പ്രവർത്തന രീതി ഇങ്ങനെ; ആദ്യം സ്വകാര്യത ചോർത്തും; പിന്നീട് വായ്പ നിശ്ചയിക്കും
കോഴിക്കോട്: കേരളത്തിലുൾപ്പെടെ കോടികളുടെ തട്ടിപ്പ് നടത്തുന്ന വ്യാജ ലോൺ ആപ്പ് സംഘങ്ങൾ വായ്പ നിശ്ചയിക്കുന്നത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ ശേഷം. യാതൊരു രേഖകളോ ഈടോ ഇല്ലാതെ നിമിഷങ്ങൾക്കുള്ളിൽ പണം നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങുന്ന വീട്ടമ്മമാരുടെയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയുമെല്ലാം ഫോണുകളിലെ സ്വകാര്യ ഫോട്ടോകളും ദൃശ്യങ്ങളും ആദ്യഘട്ടത്തിൽ തന്നെ ഇവർ ചോർത്തും.
ഇവ സൂക്ഷിക്കുന്നതിന് വിപുലമായ സെർവറുകളാണുള്ളതെന്നാണ് സൈബർ പൊലിസ് പറയുന്നത്. ഇത്തരത്തിൽ ഫോണുകളിൽ നിന്ന് ചോർത്തുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ വ്യാപ്തി അടിസ്ഥാനമാക്കിയാണ് വായ്പകൾ നിശ്ചയിക്കുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്ലേസ്‌റ്റോർ പോലുള്ള പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കി, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ലിങ്കുകൾ വഴി നേരിട്ട് ഇൻസ്റ്റാൾ ചെയ്യാവുന്ന എ.പി.കെ ഫയലുകൾ വഴിയാണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പ് സംഘം ചോർത്തുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ആകർഷകമായ പരസ്യങ്ങളിലും മറ്റും ഇത്തരത്തിലുള്ള എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ആക്ടിവേഷൻ എന്ന വ്യാജേന ഫോണിലെ കോൺടാക്ടുകൾ, കോൾലോഗുകൾ, ഫോട്ടോകൾ, ജി.പി.എസ് ലൊക്കേഷൻ തുടങ്ങി സ്വകാര്യ വിവരങ്ങൾ ലഭിക്കാനുള്ള അനുമതി തട്ടിപ്പ് സംഘം നേടിയെടുക്കും. ഒരിക്കൽ അനുമതി നൽകിയാൽ ആപ്പുകൾ അതീവ രഹസ്യമായി വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും തട്ടിപ്പ് സംഘത്തിന്റെ സെർവറുകളിലേക്ക് മാറ്റുകയുമാണ് രീതി. ഈ വിവരങ്ങളാണ് നൽകുന്ന വായ്പയുടെ ഈടായി തട്ടിപ്പ് സംഘം സൂക്ഷിക്കുന്നത്. അമിതമായ പലിശനിരക്കുകളും സർവിസ് ചാർജുകളും ഒളിഞ്ഞിരിക്കുന്ന ഫീസുകളും ചേർത്താണ് തിരിച്ചടയ്‌ക്കേണ്ട തുക കണക്കാക്കുന്നത്. പണം എളുപ്പത്തിൽ കിട്ടുന്നതിനാൽ തിരിച്ചടയ്‌ക്കേണ്ട തുക സംബന്ധിച്ച് ഉപഭോക്താവ് കൂടുതൽ ചിന്തിക്കാതെ വായ്പ സ്വീകരിക്കും.
തിരിച്ചടവ് മുടങ്ങിയാൽ നേരത്തെ ഉപഭോക്താവിന്റെ ഫോണിൽ നിന്ന് ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും.
ഫോണിൽ നിന്ന് ലഭിച്ച ഉപഭോക്താവിന്റെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോകൾ ഉപയോഗിച്ച് കൃത്രിമമായി നഗ്നചിത്രങ്ങൾ നിർമിച്ചാണ് ഭീഷണി. ഉപഭോക്താവിന്റെ ഫോണിൽ നിന്ന് ലഭിച്ച കോൺടാക്ടുകളിലേക്കാണ് ആദ്യം ഈ ചിത്രങ്ങൾ അയച്ചുനൽകുന്നത്. തുടർന്ന് വിദേശ നമ്പറുകൾ ഉപയോഗിച്ച് ഭീഷണിമുഴക്കും. കൂടാതെ പണം കൈമാറാനായി വ്യാജമായതോ മറ്റൊരാളുടെ പേരിലുള്ളതോ ആയ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിക്കും.
തട്ടിപ്പ് സംഘത്തിന്റെ യഥാർഥ അക്കൗണ്ടുകളല്ലാതെ വാടകയ്ക്ക് എടുക്കുന്ന താത്കാലിക അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകളായതിനാൽ കുറ്റവാളികളെ കണ്ടെത്തുകയെന്നത് ഏറെ പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."