വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിര്‍ദ്ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: പേരാമ്പ്രയിലേയും നെന്മാറയിലേയും സ്‌ട്രോങ് റൂം വിവാദത്തിന് പിന്നാലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന നിര്‍ദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ല. വിവാദങ്ങള്‍ ഒഴിവാക്കാനാണ് നിലവിലെ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയുംതുറക്കരുതെന്ന് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. പേരാമ്പ്ര സംഭവത്തില്‍ റിട്ടേണിങ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണം തേടിയിട്ടുണ്ട്.
കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം സ്‌കൂളില്‍ വോട്ടിങ്യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നതിനെച്ചൊല്ലി വിവാദമുണ്ടായിരുന്നു. പിന്നാലെയാണ് പാലക്കാടും സ്‌ട്രോങ് റൂം തുറക്കാന്‍ നീക്കം നടന്നത്. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, മെറ്റീരിയല്‍ സ്‌ട്രോങ് റൂം ആണ് തുറക്കാന്‍ ഉദ്ദേശിച്ചതെന്നും ഇ.വി.എംസ്‌ട്രോങ് റൂം അല്ലെന്നും പാലക്കാട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വിശദീകരിച്ചു. വിവാദമായതോടെ സ്ട്രാങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റിയെന്നും കളക്ടര്‍ അറിയിച്ചു.
ഇ.വി.എമ്മുകളുള്ള സ്‌ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയല്‍ സ്‌ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതില്‍ അസ്വഭാവികതയില്ലെന്നും കളക്ടര്‍ വിശദീകരിച്ചു. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ മാത്രമെ മെറ്റീരിയല്‍ സ്‌ട്രോങ് റൂം തുറക്കുകയുള്ളൂവെന്നും മെറ്റീരിയല്‍ സ്‌ട്രോങ് റൂം സീല്‍ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിനോട് ചേര്‍ന്ന മുറി തുറന്നതായാണ് പരാതി ഉയര്‍ന്നത്. അതീവ സുരക്ഷാവലയത്തിലുള്ള വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളജിലെ സ്ട്രോങ് റൂമിനോട് ചേര്‍ന്ന മുറി തുറന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അകത്തുകയറുകയായിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി മണ്ഡലങ്ങളിലെ വോട്ടിങ് മെഷിനുകളാണ് സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ളത്.
സ്ട്രോങ് റൂമിന് പുറത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കലക്ടര്‍ക്കും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കി.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ പകല്‍ 11.30 ഓടെയാണ് സംഭവം. അതേസമയം, സ്ട്രോങ് റൂമല്ല തുറന്നതെന്നും പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേന്ദ്രസേനയും പൊലിസും കാവലുള്ള സ്ഥലത്തെ മുറിയാണ് തുറന്നത്. വിവരം പുറത്തുവന്നതിന് പിന്നാലെ എം.കെ രാഘവന്‍ എം.പി, സ്ഥാനാര്‍ഥികള്‍ കൂടിയായ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ഫാത്തിമ തഹ് ലിയ, ഫൈസല്‍ ബാബു, വി.ടി സൂരജ് എന്നിവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടി. സ്ഥാനാര്‍ഥികളുടെയോ ചീഫ് ഏജന്റുമാരുടെയോ സാന്നിധ്യമില്ലാതെയാണ് ജീവനക്കാര്‍ വാതില്‍തുറന്ന് അകത്തുകയറിയത്. പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങളില്‍ പേരാമ്പ്രയുടെ ഭാഗമല്ല, കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ ഭാഗമാണ് കാണുന്നതെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്നും കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. കൂടാതെ തുറന്നത് മെറ്റീരിയല്‍ റും ആണെന്ന് പറയുന്നുണ്ടെങ്കിലും സ്ട്രോങ് റൂം എന്നാണ് അടയാളപ്പെടുത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. 10 മിനുറ്റിലധികം ഉദ്യോഗസ്ഥര്‍ തുറന്ന മുറിയില്‍ ചെലവഴിച്ചതായാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ പൊലിസും മുറിയില്‍ കയറിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതെന്നാണ് റിട്ടേണിങ് ഓഫിസറുടെ ഔദ്യോഗിക വിശദീകരണം.
കൃത്യമായ നോട്ടിസ് നല്‍കാതെയാണ് മുറി തുറന്നതെന്ന് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയ ആരോപിച്ചു. ഫോം 17ന്റെ വെരിഫിക്കേഷനുമായി ബന്ധപ്പെട്ടാണ് മുറി തുറക്കുന്നതെന്നാണ് അറിയിച്ചത്. താന്‍ എത്തുമ്പോഴേക്കും മുറി തുറന്നുകഴിഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."