എല്ലാം പഴയപടി; ഭീതിയൊഴിയാതെ സ്ത്രീകളുടെ െട്രയിന്‍ യാത്ര
ആലപ്പുഴ: സൗമ്യ സംഭവത്തിന് ശേഷവും കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ത്രീകളുടെ യാത്ര സുരക്ഷിതമല്ല. പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇപ്പോഴും ആവശ്യത്തിന് സുരക്ഷാസേനയെ വിന്യസിക്കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല. സൗമ്യയുടെ കൊലപാതകം കോളിളക്കം സൃഷ്ടിച്ചതോടെ ട്രെയിനുകളിലെ വനിതാ കോച്ചുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായെങ്കിലും പതിയെ പഴയ അവസ്ഥയിലേക്ക് മാറിയ സ്ഥിതിയാണ് നിലവിലുള്ളത്. റെയില്‍വേ പൊലിസില്‍ ആവശ്യത്തിന് ആളില്ലാത്തതാണ് കാരണം.
രണ്ടു വീതം വനിതാ പൊലിസ് അടക്കമുള്ളവരെ നിയോഗിച്ച് വനിതാ കോച്ചുകളിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുകുറെ നാള്‍ പാലിക്കുകയും ചെയ്തു. എന്നാല്‍, കേരളത്തില്‍ സര്‍വിസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളിലും ദീര്‍ഘദൂര ട്രെയിനുകളിലും നിലവില്‍ മതിയായ സുരക്ഷയില്ല. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ മിക്ക ട്രെയിനുകളിലും റെയില്‍വേ പൊലിസിന്റെ സാന്നിധ്യം തന്നെയില്ല. 45 ന് അടുത്ത് പാസഞ്ചര്‍ ട്രെയിനുകളാണ് കേരളത്തില്‍ സര്‍വിസ് നടത്തുന്നത്.
80 ലേറെ എക്‌സപ്രസ് ട്രെയിനുകളും സംസ്ഥാനത്ത് സഞ്ചരിക്കുന്നുണ്ട്. ഏഴു ലക്ഷത്തിലേറെ യാത്രക്കാരാണ് നിത്യേന റെയില്‍വേയെ ആശ്രയിക്കുന്നത്. ഇതില്‍ സ്ത്രീകള്‍ മാത്രം രണ്ടു ലക്ഷത്തിലേറെ വരും. ഇവരുടെ സുരക്ഷയ്ക്കായി ഉള്ളതാവട്ടെ 40 നടുത്ത് വനിത പൊലിസുകാര്‍ മാത്രം. ട്രെയിനുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി സംരക്ഷണ സേനയില്‍ 1503 പേരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് റെയില്‍വേ അധികൃതര്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, വിവിധ സമയങ്ങളിലായി നിയമിച്ചത് 607 പേരെയാണ്. നിലവില്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 550 പേരുടെ ഒഴിവുണ്ട്. തിരുവനന്തപുരത്ത് 350 പേരുടെയും. പാലക്കാട് ഡിവിഷനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ് തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകളുടെയും സുരക്ഷാ ചുമതല. ഇതിനാല്‍ കേരളത്തിലോടുന്ന ട്രെയിനുകളില്‍ സുരക്ഷയ്ക്ക് നിയോഗിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
ആര്‍.പി.എഫില്‍ 16,500 പേരെ നിയമിക്കുന്നതിനായി അടുത്തിടെ റെയില്‍വേ അപേക്ഷക്ഷണിച്ചിട്ടുണ്ട്. പരീക്ഷയും കായികക്ഷമതയും തിരഞ്ഞെടുപ്പും പരിശീലനവുമെല്ലാം പൂര്‍ത്തിയാക്കി നിയമനം നടക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. സൗമ്യ വധത്തിന് പിന്നാലെ ട്രെയിനുകളില്‍ സുരക്ഷയ്ക്കായി 200 ഹോംഗാര്‍ഡുകളെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള നടപടികളൊന്നും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടന്നില്ല.
പാസഞ്ചര്‍ ട്രെയിനുകളിലെ വനിത കോച്ചുകള്‍ മധ്യഭാഗത്തേക്ക് മാറ്റിയത് മാത്രമാണ് ഇതുവരെ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി. ദീര്‍ഘദൂര ട്രെയിനുകളില്‍ വനിത കോച്ചുകള്‍ ഇപ്പോഴും മുന്നിലും പിന്നിലുമാണ്. കാര്യമായ പരിശോധനകള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ നടക്കാത്തതിനാല്‍ വനിതാ കോച്ചുകള്‍ ഇതരസംസ്ഥാനക്കാരും യാചകരും മദ്യപാനികളും കൈയടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."