സഞ്ചാരികള്‍ നിറഞ്ഞ് സൂചിപ്പാറ പണം വനംവകുപ്പിന്; ദുരിതം പൊതുജനത്തിന്
മേപ്പാടി: ആഘോഷങ്ങള്‍ ഒന്നിച്ചെത്തിയതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സൂചിപ്പാറയിലേക്ക് വിനോദ സഞ്ചാരികളുടെ വന്‍ ഒഴുക്കാണ്. ടിക്കറ്റിനത്തില്‍ നിന്ന് മാത്രം നാലു ദിവസത്തിനകം ലഭിച്ചത് അഞ്ചര ലക്ഷം രൂപയാണ്. ഇതില്‍ അവിട്ടം ദിനമായ വ്യാഴാഴ്ച മാത്രം ലഭിച്ചത് രണ്ടരലക്ഷം രൂപ. തിരുവോണ ദിവസം 1.42 ലക്ഷം രൂപ, ബലി പെരുന്നാള്‍ പിറ്റേന്ന് 1.50 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം.
എന്നാല്‍ സീസണുകളിലും അല്ലാത്തപ്പോഴും വരുമാനമുണ്ടാക്കുകയെല്ലാതെ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെ വനം വകുപ്പ് തയാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുക്കണക്കിന് വാഹനങ്ങളെത്തിയതോടെ മേപ്പാടി- ചൂരല്‍മല റൂട്ടില്‍ ഗതാഗതം താറുമാറായിരുന്നു. റോഡിന് വീതിയില്ലാത്തതും റോഡരികുകള്‍ ചളി നിറഞ്ഞതും ഗതാഗതക്കുരുക്കിനുള്ള മുഖ്യ കാരണം. ഇതു അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കള്ളാടിയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മുണ്ടക്കൈ സ്വദേശികളായ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. തിരക്കുവര്‍ധിച്ചിട്ടും ഗതാഗത നിയന്ത്രണത്തിനും മറ്റും പൊലിസ് എത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ മേപ്പാടി- ചൂരല്‍മല റോഡില്‍ കിലാമീറ്ററോളം റോഡരികിലാണ് നിര്‍ത്തിയിട്ടിരുന്നത്. പുത്തുമല മുതല്‍ ഏലവയല്‍ വരെയും എലവയല്‍ മുതല്‍ നിലിക്കാപ്പ് വരെയും വാഹനങ്ങളുടെ നിര നീണ്ടു.
റോഡ് വിതികൂട്ടണമെന്നുള്ള പ്രദേശത്തുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വിനോദ സഞ്ചാരികളെ പിഴിയുന്ന വനം വകുപ്പ് ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാരന് 20 രൂപ മതിയെന്നിരിക്കെ സൂചിപ്പാറയില്‍ വനം വകുപ്പ് ഈടാക്കുന്നത് 50 രൂപയാണ്. വാഹന പാര്‍ക്കിങ്ങിനും അമിതമായ നിരക്കാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. അവധി ദിനങ്ങളായ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് കേന്ദ്രം സന്ദര്‍ശിച്ചത്. കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയിലും തമിഴിനാട്ടിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് അധിക പേരും സുരക്ഷിതമെന്ന നിലയില്‍ വയനാട് ജില്ലയെ തെരഞ്ഞെടുത്തത്. വനം വകുപ്പിനാണ് സൂചിപ്പാറയില്‍ നിന്നുള്ള വരുമാനം ലഭിക്കുന്നത്. ഇത്രയും തുക വരുമാനം ലഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ വനം വകുപ്പ് പരാജയമാണന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."