പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി
മലപ്പുറം: സംസ്ഥാനത്ത് പവർക്കട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാതാക്കാൻ 10 വർഷത്തിനിടെ സർക്കാർ ചെലവിട്ടത് 23,841.62 കോടി. എന്നിട്ടും അപ്രഖ്യാപിത പവർക്കട്ടിന് പുറമെ 15 മിനുട്ട് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിരിക്കുകയാണ്.
2016 മുതൽ ഇതുവരെ കെ.എസ്.ഇ.ബിയുടെ പ്രവർത്തനങ്ങൾക്ക് കോടികളാണ് സർക്കാർ ചെലവിട്ടത്.
2016-17 സാമ്പത്തികവർഷത്തിൽ 1579.40 കോടി ചെലവിട്ട സർക്കാർ 2024-25 സാമ്പത്തികവർഷത്തിൽ 3229.72 കോടിയാണ് ചെലവഴിച്ചത്. 2024ൽ ഉഷ്ണ തരംഗം മൂലം ഉണ്ടായ ക്രമാതീതമായ ലോഡ് വർധനവ് നേരിടുന്നതിനായി ദ്യുതി 2, ആർ.ഡി.എസ്.എസ് പദ്ധതികളും വേനൽക്കാലത്തെ അധിക വൈദ്യുതി ഉപഭോഗം നേരിടുന്നതിനായുള്ള അധിക പ്രവൃത്തികളും നടത്തിയിരുന്നു.
അപ്രതീക്ഷിത ലോഡ് വർധനവ് കാരണം കാസർകോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഊർജാവശ്യകത നിറവേറ്റുന്നതിൽ ദ്യുതി 2 പദ്ധതി പര്യാപ്തമല്ലാത്ത സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ദ്യുതി 2.0 പദ്ധതിയിൽ 1023.04 കോടിയുടെ പ്രത്യേക പാക്കേജിനാണ് കെ.എസ്.ഇ.ബി അംഗീകാരം നൽകിയത്. 2024-25, 2025-26 സാമ്പത്തികവർഷങ്ങളിലായി ദ്യുതി 2 പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ലൈൻ നിർമാണം, ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കൽ, ലൈനുകളുടെ ശേഷി വർധിപ്പിക്കൽ, ലൈനുകളുടെ റീ കണ്ടക്ടറിങ് തുടങ്ങിയ പദ്ധതികൾക്കായി 1033 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."