മണിയാർ പദ്ധതി ഇനി വൈദ്യുതി ബോർഡിന് സ്വന്തം; കരാർ കാലാവധി കഴിഞ്ഞ് 16 മാസം; നഷ്ടം കോടികൾ
തൊടുപുഴ: രാഷ്ട്രീയ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബിക്ക് സ്വന്തമായി. പദ്ധതി കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡിൽ നിന്ന് അടിയന്തരമായി ഏറ്റെടുക്കാൻ ഊർജവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി കെ.മനോജ്കുമാർ വൈദ്യുതി ബോർഡ് സി.എം.ഡിക്ക് നിർദേശം നൽകി. മുപ്പത് വർഷത്തെ കരാർ കാലാവധി കഴിഞ്ഞ് 16 മാസത്തിന് ശേഷമാണ് സർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തത്. മണിയാർ പദ്ധതി ഏറ്റെടുക്കുന്നതോടെ ബോർഡിന്റെ ഉത്പാദന ശേഷിയിൽ 12 മെഗാവാട്ടിന്റെ വർധനയുണ്ടാകും. ഒരു യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇവിടെ ഒരു രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നത് ബോർഡിന് വലിയ നേട്ടമാകും.
പത്തനംതിട്ട മണിയാറിൽ മുരുഗപ്പ ഗ്രൂപ്പിന്റെ കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് 1994ൽ ബൂട്ട് വ്യവസ്ഥയിൽ 12 മെഗാവാട്ടിന്റെ മണിയാർ ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചത്. കരാർ പ്രകാരം 2024 ഡിസംബർ 31ന് കെ.എസ്.ഇ.ബി ക്ക് കൈമാറേണ്ടതായിരുന്നു.
എന്നാൽ കരാർ വീണ്ടും പുതുക്കാനുള്ള സജീവ ശ്രമമാണ് സ്വകാര്യകമ്പനി നടത്തിയത്. പദ്ധതി വിട്ടുനൽകാൻ കമ്പനി തയാറാകാതിരുന്നതും ഇതിന് സർക്കാർ മൗനാനുവാദം നൽകിയതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. മണിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു. കമ്പനിക്ക് കരാർ നീട്ടി നൽകണമെന്ന നിലപാട് മുഖ്യമന്ത്രി സഭയിൽ സ്വീകരിച്ചപ്പോൾ, അത് ബോർഡിന് തിരിച്ചുകിട്ടണമെന്ന ഉറച്ച നിലപാടിലായിരുന്നു വൈദ്യുതി മന്ത്രി. കരാർ കാലാവധി കഴിഞ്ഞിട്ടും പദ്ധതി ഏറ്റെടുക്കാൻ വൈകിയത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കണക്കുകൾ. മണിയാർ പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് പെൻഷനേഴ്‌സ് കൂട്ടായ്മ നിരന്തര സമരത്തിലായിരുന്നു. സ്വകാര്യ മേഖലയിലെ ആദ്യ ക്യാപ്റ്റീവ് പവർ പ്രോജക്ടായ മണിയാറിൽ നാല് മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് കപ്ലാൻ ടർബൈനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."