സോളാർ പദ്ധതികളിൽ ഗുരുതര അനാസ്ഥ; കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം; രേഖകൾ പുറത്ത്
കൊച്ചി:സോളാർ വൈദ്യുതപദ്ധതികളിലെ അനാസ്ഥയും വീഴ്ചകളും മൂലം കെ.എസ്.ഇ.ബിക്ക് കോടികൾ നഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. പദ്ധതികൾ നടപ്പാക്കാത്തതുമൂലം ഉണ്ടായ വീഴ്ചകൾ കെ.എസ്.ഇ.ബി തന്നെ സമ്മതിക്കുന്നു.
കോട്ടയം ഏറ്റുമാനൂരിലും, കാസർകോട് മൈലാട്ടിയിലും ആണ് പദ്ധതികൾ വിഭാവനം ചെയ്തിരുന്നത്. വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയിലാണ് കോടികൾ ചെലവഴിച്ചിട്ടും പദ്ധതികൾ നടപ്പാകാതെ പോയതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതെന്ന് കെ.എസ്.ഇ.ബി തന്നെ സമ്മതിക്കുന്നത്. കാസർകോട് മൈലാട്ടി സോളാർ പദ്ധതിയും കരാർ കമ്പനിയിലെ തർക്കങ്ങളെ തുടർന്ന് നിലച്ചതായാണ് രേഖകൾ. ചെന്നൈ ആസ്ഥാനമായ അലക്ട്രോണ എനർജി ലിമിറ്റഡ് ആണ് കരാർ എടുത്തത്. എന്നാൽ ഈ കമ്പനി അടച്ചുപൂട്ടി. 5.82 കോടി രൂപ ചെലവായി കണക്കാക്കിയിരുന്ന പദ്ധതി 2021-ൽ റദ്ദാക്കി. ഇതിലൂടെ 1.58 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി സമ്മതിക്കുമ്പോൾ, 58.20 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി പിടിച്ചെടുത്തതിൽ നിന്നുമാത്രം നഷ്ടം നികത്താനാകുമോ എന്ന ചോദ്യവും ഉയരുന്നു.
ഏറ്റുമാനൂരിൽ സ്ഥാപിക്കാനിരുന്ന ഒരുമെഗാവാട്ട് സോളാർ പ്ലാന്റിന് 6.68 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ പദ്ധതി യാഥാർഥ്യമാകുന്നതിന് മുൻപ് തന്നെ 2.48 കോടി രൂപ കരാർ കമ്പനിക്ക് അനുവദിച്ചു. സർക്കാർ അനുമതി വൈകിയതും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് പദ്ധതി നിലച്ചത്. എന്നാൽ മുൻകൂട്ടി പണം അനുവദിച്ചതിന്റെ ഉത്തരവാദിത്വം ആരുടേതെന്നത് വ്യക്തതയില്ല. പദ്ധതി നടപ്പാകാതെ പോയതിന്റെ യഥാർഥ നഷ്ടം പോലും കെ.എസ്.ഇ.ബി ഇതുവരെ കണക്കാക്കിയിട്ടില്ലെന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായ സ്ട്രാറ്റോടെക് ജൂൾ പവർ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രീൻ സോൾ റിന്യൂവബിൾ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ കൺസോഷ്യമാണ് കരാർ ഏറ്റെടുത്തത്. പദ്ധതി പാലക്കാട് നെന്മാറയിലേക്ക് മാറ്റാനുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും പിന്നീടത് ഏറ്റുമാനൂരിൽ തന്നെ ആരംഭിക്കുകയായിരുന്നു.
എങ്ങുമെത്താതെ ജലവൈദ്യുത പദ്ധതികൾ
കൊച്ചി: തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ് ജല വൈദ്യുത പദ്ധതികളിൽ മിക്കവയും. ചെലവാക്കിയ കോടികൾ മാത്രമാണ് കണക്കുകളിലുള്ളത്. നേരിട്ട് യാതൊരു ഉപയോഗവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
231 കോടി രൂപ ചെലവ് കണക്കാക്കിയ എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് 24 മെഗാവാട്ട് ജലവൈദ്യുത പദ്ധതി പൂർണമായും നിലച്ച മട്ടാണ്. 231.21കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 191.40 കോടി ചെലവഴിച്ചിട്ടുണ്ടെങ്കിലും, 2021 നവംബർ മുതൽ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
ഇലക്ട്രോ-മെക്കാനിക്കൽ കരാർ റദ്ദാക്കിയതിനെ തുടർന്നുള്ള തർക്കങ്ങളാണ് പ്രധാന കാരണം. 30.65 കോടി രൂപ വിലവരുന്ന ബാങ്ക് ഗ്യാരണ്ടികളും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പദ്ധതി വീണ്ടും എപ്പോൾ പുനരാരംഭിക്കും എന്നതിൽ ഇനിയും കെ.എസ്.ഇ.ബിക്ക് യാതൊരു വ്യക്തതയില്ല. കരിമണൽ പ്രദേശത്തെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി ആദ്യം 144 കോടി രൂപ കണക്കാക്കിയിരുന്നെങ്കിലും പിന്നീട് 198.89 കോടി രൂപയായി ഉയർന്നു. 2024 ഒക്ടോബറിൽ പദ്ധതി കമ്മിഷൻ ചെയ്‌തെങ്കിലും 2018-19 പ്രളയവും കോവിഡ് കാലവും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ വൈകാൻ കാരണമായി.
കോട്ടയം മീനച്ചിൽ നദിയുടെ ഉപനദിയായ മർമലത്തോടിൽ ആസൂത്രണം ചെയ്ത ഏഴ് മെഗാവാട്ട് ശേഷിയുള്ള മർമല ജലവൈദ്യുത പദ്ധതിക്ക് 104.25 കോടി രൂപ ചെലവ് കണക്കാക്കിയിരുന്നുവെങ്കിലും, ഇതുവരെ 10.14 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ നീണ്ടുപോകുന്നതാണ് പ്രധാന തടസ്സമെന്നാണ് വിശദീകരണം. പദ്ധതി ഇനിയും ആരംഭിക്കാനായിട്ടില്ല. ഇടുക്കിയിലെ അപ്പർ കല്ലാർ (2മെഗാവാട്ട്) പദ്ധതി ഒടുവിൽ പൂർത്തിയായെങ്കിലും, 2018-ൽ പൂർത്തിയാക്കേണ്ട പദ്ധതി 2023വരെ നീണ്ടുപോയി. കൊവിഡ്, മണ്ണിന്റെ ദുർബലാവസ്ഥ, സാങ്കേതിക മാറ്റങ്ങൾ തുടങ്ങിയവയാണ് വൈകുന്നിതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കരാറുകാരിൽ നിന്ന് പിഴയായി ഏതാനും ലക്ഷം രൂപ ഈടാക്കിയിട്ടുണ്ടെങ്കിലും, ജനറേഷൻ ലോസ് ഉണ്ടായിട്ടില്ലെന്നാണ് രേഖകൾ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."