കൂള്‍ഡ്രിങ്ക്‌സ് വേണ്ട.., ദാഹമകറ്റാന്‍ നമ്മുടെ സ്വന്തം സംഭാരം - വീട്ടില്‍ തയ്യാറാക്കാം ഈ 5 വ്യത്യസ്ത രുചികള്‍
വേനലില്‍ ചുട്ടുപൊള്ളുമ്പോള്‍ തൊണ്ട നനയ്ക്കാന്‍ കൃത്രിമ പാനീയങ്ങള്‍ തേടിപ്പോകുന്നവര്‍ ധാരാളമാണ്. എന്നാല്‍ നിറവും മധുരവും ചേര്‍ത്ത ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് ദോഷമേ ചെയ്യൂ. ഇവിടെയാണ് നമ്മുടെ പാരമ്പര്യ പാനീയമായ മോരിന്റെ പ്രസക്തി. വെറുമൊരു ദാഹശമനി എന്നതിലുപരി മികച്ചൊരു പ്രോബയോട്ടിക് ഭക്ഷണമാണ് മോര്.

എന്തുകൊണ്ട് മോര് കുടിക്കണം?
കൊഴുപ്പ് നീക്കിയ തൈര് ഉടച്ചുണ്ടാക്കുന്ന മോര് പോഷകങ്ങളുടെ കലവറയാണ്. 90 ശതമാനവും വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ജലാംശം (Hydration) നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
ദഹനം സുഗമമാക്കുന്നു- ഭക്ഷണശേഷം മോര് കുടിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കും.
പ്രതിരോധശേഷി- വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഡി എന്നിവയാല്‍ സമ്പുഷ്ടമായ മോര് വിളര്‍ച്ചയും ക്ഷീണവും അകറ്റാനും സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം- കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെയും എല്ലുകളുടെയും ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വേനല്‍ച്ചൂടില്‍ കുടിക്കാം ഈ അഞ്ച് വ്യത്യസ്ത റെസിപ്പികള്‍

കാന്താരി- ഇഞ്ചി സ്‌പെഷല്‍
ഇഞ്ചിയും കാന്താരിയും ചതച്ച് മോരില്‍ ചേര്‍ക്കുക. കറിവേപ്പിലയും കുറച്ച് നാരകത്തിന്റെ ഇലയും കൂടി ചേര്‍ത്താല്‍ ഉന്മേഷം നല്‍കുന്ന നാടന്‍ സംഭാരം റെഡി. ഇത് അരമണിക്കൂര്‍ വച്ച ശേഷം കുടിക്കുന്നത് രുചി വര്‍ധിപ്പിക്കും.
കുക്കുമ്പര്‍-മിന്റ് കൂളര്‍
വെള്ളരിക്കയും പുതിനയിലയും ഇഞ്ചിയും കുറച്ചു മോര് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ബാക്കി മോരില്‍ കലര്‍ത്തി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം. ശരീരത്തിലെ ചൂട് പെട്ടെന്ന് കുറയ്ക്കാന്‍ ഇത് സഹായിക്കും.
പിങ്ക് ബീറ്റ്‌റൂട്ട് സംഭാരം
കാണാന്‍ ഭംഗിയും പോഷക ഗുണവുമുള്ള ഒന്നാണിത്. ചെറിയ കഷണം വേവിച്ച ബീറ്റ്‌റൂട്ട് മോരിനൊപ്പം മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് വറുത്ത ജീരകപ്പൊടി കൂടി ചേര്‍ത്താല്‍ കുട്ടികള്‍ക്കും പ്രിയപ്പെട്ട 'പിങ്ക് ഡ്രിങ്ക്' തയ്യാര്‍.

പച്ചമാങ്ങ സംഭാരം
സണ്‍ സ്‌ട്രോക്ക് അഥവാ സൂര്യാഘാതം തടയാന്‍ പച്ചമാങ്ങ മികച്ചതാണ്. പച്ചമാങ്ങ പുഴുങ്ങി അതിന്റെ പള്‍പ്പ് എടുത്ത് മോരില്‍ കലര്‍ത്തുക. ഒരു നുള്ള് കായപ്പൊടിയും ഉപ്പും കൂടി ചേര്‍ത്താല്‍ വ്യത്യസ്തമായ രുചി ലഭിക്കും.
നോര്‍ത്ത് ഇന്ത്യന്‍ മസാല ഛാസ്
കട്ടി കുറഞ്ഞ മോരില്‍ കറുത്ത ഉപ്പ് (Black Salt), വറുത്ത ജീരകപ്പൊടി എന്നിവ ചേര്‍ക്കുക. മുകളില്‍ മല്ലിയില വിതറി തണുപ്പിച്ച് കുടിക്കാവുന്നതാണ്.
Ditch unhealthy sodas for traditional buttermilk (Sambharam), a nutrient-rich drink that aids digestion and keeps your body cool with unique flavors like Beetroot, Mango, and Mint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."