പൊന്നാനി തുറമുഖത്തെ മണല്‍വാരല്‍ നവംബറില്‍
പൊന്നാനി: പൊന്നാനി തുറമുഖത്തെ മണല്‍ഖനനം നവംബറില്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള പ്രൊസസിങ്ങ് യൂനിറ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പൊന്നാനി തുറമുഖത്തു ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മാണത്തിന്റെ ഭാഗമായി എടുക്കുന്ന മണല്‍ സംസ്കരിച്ച് ഉപഭോക്താക്കള്‍ക്കു നല്കുന്ന പ്രവൃത്തികളാണു നവംബറില്‍ തുടങ്ങുക .നഗരസഭയ്ക്കു കീഴിലുള്ള കടവുകളെല്ലാം അടച്ചുപൂട്ടിയതിനെത്തുടര്ന്നു ആവശ്യമായ മണല്‍ ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരമായാണു തുറമുഖത്തെ മണല്‍ ശുദ്ധീകരിച്ചെടുക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഇവിടെ നിന്നു മണലെടുത്തിരുന്നെങ്കിലും കടവുകള്ക്കെതിരേ സ്വകാര്യവ്യക്തി പരാതിപ്പെട്ടതിനെത്തുടര്‍ന്നു ഹാര്‍ബര്‍ പരിസരത്തു മണലെടുക്കുന്നതു ഹരിത ട്രിബൂനല്‍ നിര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്.
കഴിഞ്ഞ മാസം തിരുവനന്തപുരത്തു സ്പിക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മണലെടുപ്പു തുടരുന്നതിനു ധാരണയായിരുന്നു. മണലെടുക്കാനുള്ള അവകാശം സ്വകാര്യ കമ്പനിക്കാണു സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ മണലിന്റെ വില തുറമുഖ വകുപ്പു തന്നെയാണു നിശ്ചയിക്കുക.
പൊന്നാനിയില്‍ നിന്നെടുക്കുന്ന മണല്‍ വളാഞ്ചേരിയിലെ പ്രോസസിങ്ങ് യൂനിറ്റില്‍ വെച്ചാണു ശുദ്ധികരിക്കുക. ശേഷമാണു വിപണിയിലെത്തുക. വളാഞ്ചേരിയിലെ പ്രോസസിങ്ങ് യൂനിറ്റിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."