തളരാത്ത മനസുമായി ആയിശുവും കുഞ്ഞുമുഹമ്മദും
കൊടുങ്ങല്ലൂര്‍: വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരത്തിനുള്ളിലെ തളരാത്ത മനസുമായി ആയിശുവും കുഞ്ഞുമുഹമ്മദും മകന്റെ ഘാതകരെ തേടി നടത്തിയ നിയമയുദ്ധം വഴിത്തിരിവില്‍. മകന്റെ കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന നിരന്തരമായ ആവശ്യം ഒടുവില്‍ കോടതി അംഗീകരിച്ചതോടെ ഈ വ്യദ്ധ ദമ്പതിമാര്‍ നടത്തിവന്ന നിയമയുദ്ധം പാതി ജയിച്ചിരിക്കുകയാണ്.എറിയാട് യു ബസാര്‍ മനങ്കേരി അബ്ദു (40) തലക്കടിയേറ്റ് മരിച്ചത് 2006 ലായിരുന്നു അതായത് പത്ത് വര്‍ഷം മുന്‍പ്. 85 വയസും ഓര്‍മക്കുറവുമുള്ള ഭര്‍ത്താവ് കുഞ്ഞുമുഹമ്മദിന്റെ പരിചരണവും ഒപ്പം മകന്റെ കൊലപാതക കേസ് തെളിയിക്കുന്നതിനു വേണ്ടിയുള്ള നിയമ നടപടികളുമായി ആയിശു എന്ന 75 വയസുകാരി താണ്ടിയത് പ്രതിസന്ധികള്‍ നിറഞ്ഞ ഒരു പതിറ്റാണ്ടാണ്. അബ്ദു തലക്കടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് നീതിക്കുവേണ്ടി അലയുകയായിരുന്നു മാതാപിതാക്കള്‍. ലോക്കല്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആയിശു നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സി.ബി.ഐക്ക് പകരം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ശരിയായ ദിശയിലല്ലെന്ന പരാതിയുമായി ആയിശു പലവട്ടം കോടതിയെ സമീപിച്ചപ്പോഴെല്ലാം അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നുമൊക്കെയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. സ്വന്തമായുണ്ടായ ഭൂമിയില്‍ ഏറിയപങ്കും വിറ്റ് കേസ് നടത്തിയ ആയിശു പക്ഷെ തോറ്റു കൊടുക്കാന്‍ തയ്യാറായില്ലആ വൃദ്ധ മാതാവിന്റെ കണ്ണിര് കണ്ടില്ലെന്നു നടിക്കാന്‍ നീതി പീഠത്തിനുമായില്ല. ഒടുവില്‍ തടസവാദങ്ങളെല്ലാം തള്ളി മാനങ്കേരി അബ്ദു വധക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി പത്ത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ നിസഹായയായ അമ്മയുടെ പക്ഷം ചേരുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."