സഊദിയിൽ ട്രാഫിക് പിഴകൾ അടക്കുന്നവർക്ക് 50% ഇളവ് പ്രഖ്യാപിച്ചു
റിയാദ്: ട്രാഫിക് പിഴകള്‍ അടക്കാന്‍ കഴിയാത്തവര്‍ക്ക് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും കാരുണ്യം. പിഴ സംഖ്യയുടെ അമ്പത് ശതമാനം അടച്ച് പിഴകളില്‍ നിന്ന് ഒഴിവാകാമെന്ന് സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2024 ഏപ്രില്‍ 18 ന് മുമ്പ് രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഭരണാധികാരികളുടെ നിർദേശത്തെ തുടർന്ന് ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രാലയത്തിൻ്റെയും സഊദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (സദായ) യുടെയും ഏകോപനത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുക.
വ്യവസ്ഥ നടപ്പാക്കിയത് മുതല്‍ ആറു മാസത്തിനുള്ളില്‍ പിഴ അടച്ചുതീര്‍ക്കുകയാണെങ്കില്‍ മാത്രമെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകൂ. ഒന്നിച്ചോ പ്രത്യേകമായോ പിഴകള്‍ അടക്കാനുള്ള സൗകര്യമുണ്ടാകും. ട്രാഫിക് നിയമം 75 ഖണ്ഡിക പ്രകാരമാണ് നടപടി. മന്ത്രാലയം അറിയിച്ചു. ആറ് മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്താവ് തന്റെ മേൽ കുമിഞ്ഞ് കൂടിയ പിഴകൾ അടക്കാൻ മുൻകൈ എടുക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം. അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല.
അതോടൊപ്പം ഈ മാസം 18 മുതൽ ട്രാഫിക് പിഴകൾക്ക് 25% ഇളവ് അനുവദിക്കാനും സമയപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും മന്ത്രാലയം തീരുമാനിച്ചു.
അതേസമയം, പൊതുസുരക്ഷയെ ബാധിക്കുന്ന നാലു തരം ട്രാഫിക് പിഴകൾക്ക് ഇളവ് ലഭിക്കില്ല.
റോഡുകളില്‍ വാഹനാഭ്യാസം നടത്തല്‍, മയക്കുമരുന്ന് അടക്കമുളള നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ 50 കിലോമീറ്ററിനപ്പുറം അധിക വേഗതയില്‍ വാഹനമോടിക്കല്‍, 140 കിലോമീറ്റര്‍ നിശ്ചയിച്ച റോഡില്‍ 30 കിലോമീറ്റര്‍ അധികവേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ ആനുകൂല്യ പരിധിയില്‍ വരില്ലെന്ന് ട്രാഫിക് വിഭാഗം വക്താവ് ട്രാഫിക് മന്‍സൂര്‍ അല്‍ശുക്‌റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."