ഗസ്സയിലെ പരിക്കേറ്റ കുട്ടികള്‍ക്ക് സഹായവുമായി സഊദിയും ബ്രിട്ടനും; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു; അത്യാധുനിക ചികിത്സ ഉറപ്പാക്കും
ലണ്ടന്‍/ റിയാദ്: ഗസ്സയിലെ സയണിസ്റ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റ ഫലസ്തീനി കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ സഹായങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനായി സഊദി അറേബ്യയും ബ്രിട്ടനും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ലണ്ടനില്‍ നടക്കുന്ന 'ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് കോണ്‍ഫറന്‍സ് 2026'ന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.
കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ.എസ് റിലീഫ്) സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഅയും ബ്രിട്ടീഷ് അന്താരാഷ്ട്ര വികസന മന്ത്രി ജെന്നി ചാപ്മാനും ചേര്‍ന്നാണ് സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. ദുരിതബാധിത രാജ്യങ്ങളിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
പുതിയ കരാര്‍ പ്രകാരം ഗസ്സയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കുന്നതിനായി പ്രത്യേക മാനുഷിക പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളും ഫണ്ട് നല്‍കുകയും നടപ്പിലാക്കുകയും ചെയ്യും. നിരന്തരമായ ആക്രമണങ്ങള്‍ കാരണം ഗസ്സയില്‍ കൈകാലുകള്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വളര്‍ച്ചാ ഘട്ടത്തിലുള്ള ഇത്തരം കുട്ടികള്‍ക്ക് കൃത്രിമ കൈകാലുകള്‍ വെച്ചുപിടിപ്പിക്കുന്നതിനടക്കമുള്ള സഹായം പദ്ധതിയിലൂടെ ഉറപ്പാക്കും.
ഇതിനുപുറമേ, അടിയന്തര ശസ്ത്രക്രിയാ പരിചരണം, ചികിത്സ, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, അണുബാധ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കല്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. ഇംപീരിയല്‍ കോളേജ് ലണ്ടന്റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. വരും തലമുറകളുടെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് അടിയന്തര സഹായങ്ങള്‍ക്കൊപ്പം ദീര്‍ഘകാല പരിഹാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും കെ.എസ് റിലീഫ് വ്യക്തമാക്കി.
English summary : Saudi Arabia and Britain signed on Tuesday a joint declaration of intent aimed at supporting children injured as a result of the military escalation in the Gaza Strip. The support will be in the form of provision of emergency surgical care and treatment for the injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."