ആവേശത്തിരയില്‍ ശ്രീനാരായണ ട്രോഫി ജലോത്സവം
കരുനാഗപ്പള്ളി: വഞ്ചിപാട്ടിന്റെ ഈണത്തിലും കൈ താളങ്ങളുടെ ശബ്ദത്തിലും കായലോളങ്ങളെ കീറിമുറിച്ച് കാണികളെ ആവേശ തിരയിലാഴ്ത്തി 77ാം മത് ശ്രീനാരായണ ട്രോഫി ജലോത്സവം കന്നേറ്റി കായലില്‍ അരങ്ങേറി. ആര് രാമചന്ദ്രന് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചുണ്ടന് വള്ളങ്ങളും തെക്കനോടി വള്ളങ്ങളും എണ്ണത്തില്‍ കുറവായിരുന്നു. ദേവാസ്, കാട്ടില്‍ തെക്കതില്‍, ചെല്ലിക്കാടന്, കമ്പിനി എന്നിവയായിരുന്നു തെക്കനോടി വിഭാഗത്തിലുണ്ടായിരുന്ന നാലു വള്ളങ്ങള്‍. കാട്ടില്‍ തെക്കതില്‍, സെന്റ് പയസ് എന്നിവ ചുണ്ടന് വിഭാഗത്തിലും മത്സരിക്കുവാനുണ്ടായിരുന്നു. പ്രദര്‍ശന മത്സരത്തോടെയായിരുന്നു തുടക്കം. തെക്കനോടി വള്ളങ്ങളുടെ അദ്യ റൗണ്ടില്‍ ദേവാസ്, കമ്പിനി വള്ളങ്ങള്‍ മത്സരിച്ചപ്പോള്‍ ദേവാസ് വള്ളം ഒന്നാമതെത്തി. രണ്ടാം റൗണ്ടില്‍ കാട്ടില്‍ തെക്കതില്‍ ചെല്ലിക്കാടന് തമ്മില്‍ മത്സരിച്ചപ്പോള്‍ ചെല്ലിക്കാടന് ഒന്നാമതെത്തി.
രണ്ട് റൗണ്ടുകളിലും തോറ്റ വള്ളങ്ങള്‍ക്ക് വേണ്ടിയുള്ള തെക്കനോടി ലൂസേഴ്സ് ഫൈനലില്‍ കമ്പിനി വള്ളം ഒന്നാമതെത്തി. പിന്നീട് ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരമാണ് നടന്നത്. കാട്ടില്‍ തെക്കതില്‍ ചുണ്ടനും സെന്റ് പയസ് ചുണ്ടനും ഏറ്റുമുട്ടിയപ്പോള്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ പി.എന്‍ സുരേഷ് ക്യാപ്റ്റനായ സംഘം കന്നേറ്റി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍ തെക്കതില്‍ ചുണ്ടന് ഒന്നാമതെത്തി ശ്രീ നാരായണ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. വിധി നിര്‍ണയത്തില്‍ പിഴവുണ്ട് എന്ന് ചൂണ്ടികാട്ടി ജിതിന് ക്യാപ്റ്റനായ സെന്റ് പയസ് ചുണ്ടന് രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം എം.എല്‍.എ എന്‍.വിജയന് പിള്ള നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം ശോഭന ക്യാഷ് പ്രൈസ് വിതരണം ചെയ്തു. വള്ളങ്ങളുടെ ക്യാപ്റ്റന്മാരെ എസ്.എന്‍.ഡി.പി താലൂക്ക് യൂനിയന്‍ പ്രസിഡന്റ് കെ.സുശീലന് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."