തോക്കേന്തിയ ഭീകരര്‍, മരണം മുന്നില്‍, വിമാനത്തില്‍ 20 മണിക്കൂര്‍
തകര്‍ന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുക എന്നത് ഏതാനും മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്ത്വവും ആശങ്കയുമാണ്. എന്നാല്‍, തോക്കേന്തിയ ഭീകരന്മാര്‍ റാഞ്ചിയെടുത്ത വിമാനത്തില്‍, കൊല്ലും കൊല്ലും എന്ന ഭീഷണി കേട്ട് 20 മണിക്കൂര്‍ രാവും പകലും കഴിച്ചുകൂട്ടുക എന്നത് അചിന്ത്യമായ അനുഭവമാണ്. ഒരു പത്രപ്രവര്‍ത്തകന് അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ മറ്റു പത്രപ്രവര്‍ത്തകര്‍ അതൊരു മഹാഭാഗ്യമാണെന്നേ കരുതൂ.
ഒരു മലയാളി പത്രപ്രവര്‍ത്തകന് ഈ അപൂര്‍വഭാഗ്യമുണ്ടായിട്ടുണ്ട്. അത് മലയാള മനോരമയുടെ ഡല്‍ഹി ലേഖകനും പില്‍ക്കാലത്ത് മാതൃഭൂമി ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരും ആയിരുന്ന കെ. ഗോപാലകൃഷ്ണനാണ്. ഒന്നോര്‍ത്തുനോക്കൂ, ഏതുനിമിഷവും വെടിയേറ്റോ ബോംബ് സ്‌ഫോടനത്തിലോ മരിച്ചുവീഴാം എന്ന ഭീതിയോടെ നിമിഷങ്ങള്‍ മണിക്കൂറുകളാകുന്ന നേരത്ത് പത്രറിപ്പോര്‍ട്ടിനുവേണ്ടി കണ്ണും ശ്രദ്ധയും കേന്ദ്രീകരിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്തൊരു തീക്ഷ്ണ പരീക്ഷണമായിരിക്കും.
സിഖ് ഭീകരതയടെ പശ്ചാത്തലം
1984 ജൂലൈ അഞ്ചിന് നടന്ന വിമാനറാഞ്ചലിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. പ്രത്യേകരാജ്യം ആവശ്യപ്പെട്ട് സിഖുകാരുടെ ഇടയില്‍ ഭീകരപ്രവര്‍ത്തനം കൊടുമ്പിരി കൊണ്ട ഒരു കാലമായിരുന്നു അത്. വിമാനംറാഞ്ചലും കൂട്ടക്കൊലകളും ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നു. ആരാധനാലയങ്ങളെ ശക്തികേന്ദ്രങ്ങളാക്കി അക്രമസമരം അഴിച്ചുവിട്ടത് മതനേതാവായ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലായിരുന്നു. സിഖ് മത ആസ്ഥാനമായ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഇയാളെ പിടികൂടാന്‍ സൈന്യം നടത്തിയ നീക്കം ആരാധനാലയത്തിന് നാശനഷ്ടമുണ്ടാക്കി. ഇത് ലോകത്തെമ്പാടുമുള്ള സിഖുകാരെ പ്രക്ഷുബ്ധരാക്കി. അച്ചടക്കത്തിനു പേരുകേട്ട സിഖ് പട്ടാളക്കാര്‍പോലും ആയുധമെടുത്ത് തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രണ്ട് സിഖ് കാവല്‍ക്കാര്‍ വെടിവച്ചുകൊന്നതും പ്രതികാരമായി ഡല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാര്‍ കൊല ചെയ്യപ്പെട്ടതും വൈകാതെ സിഖ് തീവ്രവാദം ചോരപ്പുഴയൊഴുക്കിത്തന്നെ അടിച്ചമര്‍ത്തിയതും ചരിത്രസംഭവങ്ങളാണല്ലോ.
സുവര്‍ണക്ഷേത്രത്തിലെ പട്ടാളനടപടി-ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നാണതിന്റെ പേര്-നടന്ന് ഒരു മാസം തികഞ്ഞതിന്റെ പിറ്റേന്നാണ് സിഖ് ഭീകരര്‍ ശ്രീനഗറില്‍നിന്ന് ഡല്‍ഹിക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കൈയടക്കി പാകിസ്ഥാനിലെ ലാഹോറില്‍ കൊണ്ടുചെന്നിറക്കുന്നത്. രാജ്യത്തെ അതുനടുക്കി. 255 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെ. ഗോപാലകൃഷ്ണനും ഒരു വിദേശപത്രത്തിന്റെ ഇന്ത്യന്‍ ലേഖകനായ മോഹന്‍ റാമും അടുത്തടുത്ത സീറ്റിലാണ് ഇരുന്നത്. വിമാനം പുറപ്പെടുംമുമ്പ് മുന്‍നിരയില്‍ നാലു സിഖ് യുവാക്കള്‍ ഇരിക്കുന്നതുകണ്ട് ഗോപാലകൃഷ്ണന്‍ മോഹന്‍ റാമിനോട് കുറച്ചു കാര്യമായും കുറച്ചു തമാശയായും ചോദിച്ചു-അവരിലൊരുവന്‍ പരുക്കനും ക്ഷുഭിതനുമാണെന്നു തോന്നുന്നു. നമ്മുടെ വിമാനം അപഹരിക്കപ്പെടുമോ? വൈകിട്ടു നാലേ കാലിന് വിമാനം പറന്നുയര്‍ന്ന് അധികം കഴിയുംമുമ്പ് ആ തമാശ കാര്യമായി.
ഒന്‍പതംഗസംഘം ഖലിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി ചാടിയെഴുന്നേറ്റതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. അവര്‍ വിമാനത്തിനകത്ത് അഴിഞ്ഞാടി. അവരുടെ കൈവശം കൃപാണും റിവോള്‍വറുകളുമുണ്ടായിരുന്നു. പല യാത്രക്കാരെയും തോക്കുകൊണ്ട് കുത്തി. ഇന്ത്യാവിരുദ്ധ- ഖലിസ്താന്‍ -പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പട്ടാളക്കാരെ പൊതിരെ തല്ലി. അരമണിക്കുര്‍ കൊണ്ട് യാത്രക്കാരെ ശരിക്കും വിറപ്പിച്ച് നിഷ്‌ക്രിയരാക്കി. സംഗതികള്‍ നിയന്ത്രണാധീനമായി എന്നായപ്പോള്‍ അവരൊന്നടങ്ങി.
പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഒന്നൊന്നായി വരുന്നതിനനുസരിച്ച് ഭീകരുടെ പെരുമാറ്റവും മാറിക്കൊണ്ടിരുന്നു. വിമാനം ലാഹോറിലിറക്കാന്‍ അര മണിക്കൂര്‍ വൈകിയപ്പോള്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി അത്യുച്ഛത്തില്‍ ഉയര്‍ന്നു. നാലരയ്ക്ക് പുറപ്പെട്ട വിമാനം ആറേ മുക്കാല്‍ മണിയൊടെയാണ് ലാഹോറില്‍ ഇറക്കാനായത്. യാത്രക്കാരുടെ ബാഗേജുകള്‍ മുഴുവന്‍ അക്രമികള്‍ നിര്‍ബന്ധിച്ച് കൈക്കലാക്കി. എല്ലാവരെയും സദാസമയം സീറ്റ്‌ബെല്‍ട്ടില്‍ തടങ്കലിലെന്ന പോലെ ഇരുത്തി. ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ സൂക്ഷ്മ ശരീരപരിശോധന നിര്‍ബന്ധം.
ഭീകര കാളരാത്രി
ഭീകരര്‍ തമ്മിലുള്ള ചര്‍ച്ചകള്‍, ബന്ദികളാക്കപ്പെട്ടവരുമായുള്ള ആശയവിനിമയം, ഭക്ഷണപ്രശ്‌നം, കുട്ടികളുടെയും അമ്മമാരുടെയും നിലവിളികള്‍, ഇടക്കിടെ ഭീകരരുടെ വധഭീഷണികള്‍-ഉറക്കമില്ലാത്ത ആ രാത്രി യാത്രക്കാര്‍ക്ക് ഭീകര കാളരാത്രിയായി. യമന്‍ അപ്പോഴാണോ നേരംപുലര്‍ന്നാണോ വരിക എന്ന് ഓര്‍ത്തോര്‍ത്ത് അവര്‍ ഞെട്ടിക്കൊണ്ടിരുന്നു. യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന പഴങ്ങളും മറ്റും യാത്രക്കാര്‍ പങ്കിട്ടു. പുലര്‍ച്ചെ ടോയ്‌ലറ്റുകളില്‍ ബഹളം, വിസര്‍ജ്യം കവിഞ്ഞൊഴുകി. വെള്ളമില്ല, ശീതീകരണം നിലച്ചതിനാല്‍ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നു, കരയാന്‍പോലും കഴിയാതെ സ്ത്രീകളും കുട്ടികളും ബോധമറ്റ നിലയില്‍ ഇരുന്നേടത്ത് ചാഞ്ഞു.
രാവിലെ 11 മണിക്ക് ഭീതിയുടെ അടുത്ത വേലിയേറ്റമുണ്ടായി. യാത്രക്കാരെ ഭക്ഷണത്തിനുകൊണ്ടുപോകാമെന്ന് പറഞ്ഞ് മതം തിരിച്ചു നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുക്കളും മുസ്‌ലിംകളുമായ യാത്രക്കാരുടെ ഉള്ളുകാളി. കൂട്ടക്കൊല നടത്താനാണോ മതം തിരിക്കുന്നത് എന്നവര്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഹിന്ദുക്കളുടെ എയര്‍ടിക്കറ്റുകള്‍ വന്നു വാങ്ങാന്‍ തുടങ്ങിയപ്പോള്‍ ആശങ്ക പരിഭ്രാന്തിയായി. ഉച്ചയ്ക്ക് 12 ആയപ്പോള്‍ അന്ത്യം അടുത്തെന്നറിയിക്കുന്ന പ്രഖ്യാപനം ഉച്ചഭാഷിണിയില്‍ മുഴങ്ങി. ചര്‍ച്ച പരാജയപ്പെട്ടു, വിമാനം തകര്‍ക്കാന്‍ പോകുന്നു, പ്രാര്‍ഥിച്ചുകൊള്ളുക-
അര മണിക്കൂര്‍ അന്തരീക്ഷത്തില്‍ നിലവിളികളും പ്രാര്‍ഥനകളും നിറഞ്ഞ അനിശ്ചിതത്വം. ഒടുവില്‍ പന്ത്രണ്ടരയ്ക്ക് വെള്ള കുര്‍ത്ത ധരിച്ചുവന്ന നേതാവ് പര്‍വീന്ദര്‍ സിങിന്റെ പ്രഖ്യാപനം.- എല്ലാവരുയും മോചിപ്പിക്കുന്നു...ഇന്ദിരാഗാന്ധി സുവര്‍ണക്ഷേത്രം തകര്‍ത്തു, നിരവധി സിഖുകാരെ കൊന്നു. എങ്കിലും, സിഖുകാര്‍ മനുഷ്യസ്‌നേഹികളായതുകൊണ്ട് ആരേയും കൊല്ലുന്നില്ല. ഒരു മണിക്കുമുമ്പ് എല്ലാവരും മോചിതരായി. സ്റ്റോക്‌ഹോം സിന്‍ഡ്രോം എന്നു വിളിക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയുടെ പ്രകടനം വിട്ടയക്കപ്പെട്ട ഇന്ത്യക്കാരിലും ഉണ്ടായി. റാഞ്ചികളോട് അവര്‍ ആത്മാര്‍ഥമായി നന്ദി പറയുന്നുണ്ടായിരുന്നു. വിട്ടയക്കപ്പെട്ട യാത്രക്കാര്‍ മാത്രമല്ല, റാഞ്ചികള്‍ പോലും സന്തോഷവും സ്‌നേഹവും കൊണ്ട് വികാരഭരിതരായി, കണ്ണീര്‍ വീഴ്ത്തി.
തല പുകഞ്ഞ ചര്‍ച്ചകള്‍
നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ കെ. ഗോപാലകൃഷ്ണന്‍ മലയാള മനോരമയില്‍ പിറ്റേന്നും ദി വീക്ക് വാരികയില്‍ അടുത്ത ലക്കത്തിലും വിസ്തരിച്ച് എഴുതിയിട്ടുണ്ട്. 'ഒരു ഭീകരസ്വപ്നം പോലെ...' എന്നതാണ് പത്രത്തിലെ പ്രധാന അനുഭവവിവരണ റിപ്പോര്‍ട്ടിന്റെ തലവാചകം. ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്നതാണ് വാരികയില്‍ മൂന്നു പേജുകളിലായി വന്ന റിപ്പോര്‍ട്ട്.
റാഞ്ചല്‍ നടന്ന ഇരുപതുമണിക്കൂറുകളില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണാധികാരികള്‍ ഈ പ്രതിസന്ധി കൈകാര്യം ചെയ്തതിന്റെ സൂക്ഷ്മവിവരങ്ങള്‍ അടങ്ങുന്നതാണ് കെ. ഗോപാലകൃഷ്ണന്‍ ദ വീക്ക് വാരികയില്‍ എഴുതിയ ദീര്‍ഘ റിപ്പോര്‍ട്ട്. റാഞ്ചികളുമായുള്ള ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി കൂടുതള്‍ സമയം നേടുക, റാഞ്ചികളുടെ മാനസികനില വിലയിരുത്തുക, ബലംപ്രയോഗിച്ചുള്ള മോചിപ്പിക്കലിന്റെ സാധ്യതകള്‍ ആരായുക, വിമാനത്തിനകത്തുള്ള എല്ലാവരെയും ഉറക്കിക്കിടത്താനുള്ള വാതകപ്രയോഗത്തിന്റെ സാധ്യത പരിശോധിക്കുക എന്നിങ്ങനെ നീണ്ടുപോയി ആലോചനകള്‍. ഇടയ്ക്ക് മാധ്യമക്കാര്‍ ഉണ്ടാക്കിയ അബദ്ധം സൃഷ്ടിച്ച ആശങ്കയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. രോഗികളായ ആറു യാത്രക്കാരെ മോചിപ്പിക്കാന്‍ റാഞ്ചികള്‍ സമ്മതിച്ചിട്ടുണ്ടെന്ന സന്ദേശം ചോര്‍ന്നു പുറത്തായപ്പോള്‍ സുഖമില്ലാത്തവര്‍ എന്നര്‍ഥമുള്ള സിക്ക് മാറി ആറു സിഖുകാരെ...എന്നായിപ്പോയി!
റാഞ്ചലിന്റെ പിറ്റേന്നും പിന്നീട് പലവട്ടം ഗോപാലകൃഷ്ണന് ഈ സംഭവങ്ങള്‍ പല മാധ്യമ അഭിമുഖങ്ങളില്‍ വിവരിക്കേണ്ടി വന്നിട്ടുണ്ട്. രാധാകൃഷ്ണന്‍ പട്ടാന്നൂരിന്റെ ന്യൂസ് ഫ്‌ളാഷ് എന്ന കൃതിയില്‍ ഗോപാലകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ വിമാനറാഞ്ചല്‍ വിവരിക്കുന്നുണ്ട്.
ഭോപ്പാല്‍ വാതകച്ചോര്‍ച്ചയും കൂട്ടമരണവും ഉള്‍പ്പെടെ ഒട്ടനവധി സുപ്രധാനസംഭവങ്ങളും സ്‌കൂപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഗോപാലകൃഷ്ണന്‍. ഡല്‍ഹി ബ്യൂറോ തലവനായിരിക്കെ 1989ല്‍ മനോരമ വിട്ടു. തുടര്‍ന്ന് ഓണ്‍ലുക്കര്‍, സണ്‍ഡെ മെയില്‍ എന്നീ ഇംഗ്ലീഷ് വാരികകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1997 ലാണ് മാതൃഭൂമി പത്രാധിപരായത്. മാതൃഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ച എട്ടര വര്‍ഷക്കാലം അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. മാതൃഭൂമി വിട്ട ശേഷം അദ്ദേഹം അമൃത ടി.വിയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും രാഷ്ട്രീയനിരീക്ഷണ പംക്തി എഴുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."