HOME
DETAILS

നിയമയുദ്ധത്തില്‍ പ്രധാനം വികാരമല്ല, വിവേകമാണ്

  
backup
September 17 2016 | 19:09 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8

സൗമ്യവധക്കേസിലെ സുപ്രിംകോടതി വിധിയെക്കുറിച്ച് ഒരു പത്രത്തില്‍വന്ന വാര്‍ത്തയുടെ ഉപതലവാചകം 'മകളേ മാപ്പ്' എന്നായിരുന്നു. സുപ്രിംകോടതി കടുത്ത പാതകംചെയ്തുവെന്നാണ് ആ തലവാചകംകണ്ടാല്‍ തോന്നുക. അപ്രതീക്ഷിതമായ   അട്ടിമറി സംഭവിച്ചുവെന്നമട്ടിലാണ് ഒട്ടുമിക്ക മാധ്യമങ്ങളും പൊതുജനത്തിനുമുന്നില്‍ വാര്‍ത്തയെത്തിച്ചത്.
സുപ്രിംകോടതിയില്‍ സൗമ്യവധക്കേസ് വേണ്ടപോലെ നടത്തുന്നതില്‍ സര്‍ക്കാരിനു ഗുരുതരമായ വീഴ്ചപറ്റിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഒരേസ്വരത്തില്‍ പറഞ്ഞു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുന്ന വി.എസ് അച്യുതാനന്ദന്‍ സൗമ്യക്കേസില്‍ എടുത്ത നിലപാടു വിചിത്രമാണെന്നു സൗമ്യയുടെ മാതാവിനെ ആശ്വസിപ്പിക്കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത്ഭുതംകൂറി.
ബി.ജെ.പി നേതാക്കളാണെങ്കില്‍ 'കണ്ടില്ലേ കള്ളക്കളി'യെന്ന മട്ടിലാണു പ്രതികരിച്ചത്. സുപ്രിംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ ബോധപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നെന്നും നേരത്തെ വാദിച്ച വക്കീലിനെ കേസുവാദിക്കാന്‍ അനുവദിക്കാതിരുന്നത് അതുകൊണ്ടാണെന്നും ബി.ജെ.പി ഭരണം കേരളത്തില്‍ എത്രയും എളുപ്പത്തിലെത്തിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.
ഇനി ഭരിക്കുന്നവരുടെ കാര്യം. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്നു രക്ഷപ്പെടുത്തിയതു തങ്ങളാണെന്നു വന്നുപോകുമോയെന്ന വേവലാതിമൂലം ഗുരുതരമായ അത്യാഹിതമാണു സുപ്രിംകോടതി വരുത്തിയിരിക്കുന്നതെന്ന മട്ടിലായിരുന്നു മന്ത്രിമാരുടെയും ഇടതുപാര്‍ട്ടിനേതാക്കളുടെയും പ്രതികരണം. ഗോവിന്ദച്ചാമിയെ നൂറുതവണയെങ്കിലും തൂക്കിക്കൊല്ലുംവിധമുള്ള വിധിവാങ്ങിക്കൊടുക്കലാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി എ.കെ ബാലന്‍ ഡല്‍ഹിയില്‍ച്ചെന്നു പ്രഖ്യാപിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഷേര്‍ലിവാസു നീതിപീഠത്തിനെതിരേയും കേസുവാദിച്ച മുന്‍ന്യായാധിപന്‍കൂടിയായ അഭിഭാഷകനെതിരേയും അതിരൂക്ഷമായ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. സുപ്രിംകോടതിയില്‍ വിചാരണക്കോടതിയിലെപ്പോലെ സാക്ഷിവിസ്താരം നടക്കാറില്ലെന്ന് അറിയാതെയോ എന്തോ, തന്നെ വിസ്തരിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിധിയുണ്ടാകില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. വിധി മാറിയതിനു പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരുന്ന മാധ്യമങ്ങളില്‍ ചിലത് അവസാനം എത്തിച്ചേര്‍ന്നത് ഷേര്‍ളി വാസു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തലുകളാണു വിധി മാറാന്‍ കാരണമായതെന്നാണ്.
സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന സഭ്യമായതും അല്ലാത്തതുമായ പ്രതികരണങ്ങളുടെ പെരുമഴയെക്കുറിച്ചു പറയാതിരിക്കുകയാണു ഭേദം. സൗമ്യയ്ക്കും അവരുടെ കുടുംബത്തിനുവേണ്ടി കണ്ണീരൊഴുക്കുന്നതില്‍ തങ്ങളാണു മുന്നിലെന്ന മട്ടിലുള്ള മത്സരത്തിന്റെ കടുപ്പമാണ് ഈ ദിവസങ്ങളില്‍ കണ്ടത്. അതില്‍ രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങള്‍ക്കു പതിവുപോലെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമായിരുന്നുവെന്നു അതിലെ വാചകങ്ങളില്‍നിന്നു വ്യക്തം. മറ്റു പ്രതികരണങ്ങളില്‍ മിക്കതും, യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത, കൈയടി നേടാന്‍ മാത്രമായുള്ളവയാണെന്നു മുന്‍വിധിയില്ലാതെ പരിശോധിച്ചാല്‍ വ്യക്തമാകും.
എന്തുകൊണ്ട് ഇങ്ങനെയൊരു വിധിയുണ്ടായെന്നു നിയമവശങ്ങള്‍ പരിശോധിച്ചു പ്രതികരിക്കാന്‍ എത്രപേര്‍ ശ്രമിച്ചു. സെബാസ്റ്റ്യന്‍പോളിനെയും ഉദയഭാനുവിനെയുംപോലുള്ള ചില അഭിഭാഷകര്‍ നിഷ്പക്ഷനിലപാടുകളെടുത്തുവെന്നതു മറക്കുന്നില്ല. ബാക്കിയെല്ലാവരും സുപ്രിംകോടതിവിധിയുടെ നേരെയോ കേസുവാദിച്ചവക്കീലിനുനേരെയോ ഉറഞ്ഞുതുള്ളുകയായിരുന്നു.
സത്യത്തില്‍, ഈ വിധിയില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ. സൗമ്യയെ കൊന്നതു ഗോവിന്ദച്ചാമിയല്ലെന്നു സുപ്രിംകോടതി സ്ഥാപിച്ചിട്ടില്ല. സൗമ്യയെ കൊലപ്പെടുത്തിയെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു മാത്രമേ പറഞ്ഞുള്ളു. കൊലനടത്തിയതു ഗോവിന്ദച്ചാമിതന്നെയാണെന്നു കേസില്‍ വിധിപറഞ്ഞ മൂന്നു ന്യായാധിപന്മാര്‍ക്കും ഒരുപക്ഷേ, വ്യക്തിപരമായ അഭിപ്രായമുണ്ടായേക്കാം. പക്ഷേ, സ്വന്തം അഭിപ്രായങ്ങള്‍ക്കനുസരിച്ചു വിധി പറയേണ്ടവരല്ല ന്യായാധിപന്മാര്‍. സംശയലേശമെന്യേ തെളിയിക്കപ്പെടാത്ത  കുറ്റത്തിന്റെപേരില്‍ ആരെയും ശിക്ഷിക്കാന്‍ ഇന്ത്യയുടെ നീതിന്യായവ്യവസ്ഥ അനുവദിക്കുന്നില്ല.
ഗോവിന്ദച്ചാമിക്കു തൂക്കുകയര്‍ ലഭിച്ചില്ലെന്നതും ഇവിടെ വിഷയമല്ല. സൗമ്യയെ കൊന്നതു ഗോവിന്ദച്ചാമിയാണെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞാലും വിചാരണക്കോടതി വിധിക്കുകയും ഹൈക്കോടതി അംഗീകരിക്കുകയും ചെയ്ത വധശിക്ഷ സുപ്രിംകോടതി അംഗീകരിക്കണമെന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു കോടതിക്കു ബോധ്യപ്പെട്ടാലേ കീഴ്‌ക്കോടതി ഉത്തരവിട്ട വധശിക്ഷ മേല്‍ക്കോടതി അംഗീകരിക്കൂ. ക്രിമിനല്‍ക്കേസില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു പരമാവധി ലഭ്യമാക്കുകയെന്നതു തന്നെയാണു ശരിയായ മാര്‍ഗം. അതിനാല്‍, സൗമ്യക്കേസില്‍ സുപ്രിംകോടതിയുടെ വിധി അട്ടിമറിയാണെന്ന വിവരക്കേട് നാം ഇനിയും തലയില്‍വച്ചുകൊണ്ടിരിക്കരുത്. രാഷ്ട്രീയക്കാര്‍ അതു കൊണ്ടുനടക്കും. കാരണം, അത് അവര്‍ക്കൊരു ആയുധമാണ്.
നടന്നതു കൊലപാതകമാണെന്നു വ്യക്തമാക്കുന്ന രീതിയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ടും ഡോ. ഷേര്‍ളി വാസു കോടതിയില്‍ കൊടുത്ത മൊഴിയും. അതിനെ ആസ്പദമാക്കിയാണ് വിചാരണക്കോടതിയും ഹൈക്കോടതിയും, നടന്നതു കൊലപാതകമാണെന്ന നിഗമനത്തിലെത്തുന്നത്. എന്നാല്‍, 64 ാം സാക്ഷിയായ ഡോ. ഷേര്‍ളിവാസുവിന്റെ മൊഴിക്കു കടകവിരുദ്ധമായ രണ്ടുമൊഴികള്‍ ഈ കേസിലുണ്ടായിരുന്നു. നാലാം സാക്ഷിയുടെയും നാല്‍പ്പതാം സാക്ഷിയുടെയും മൊഴി.
ഒരു പെണ്‍കുട്ടി ട്രെയിനില്‍നിന്നു പുറത്തേയ്ക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതു കണ്ടുവെന്നു സൗമ്യ സഞ്ചരിച്ച കംപാര്‍ട്ടുമെന്റിന്റെ അടുത്ത കംപാര്‍ട്ടുമെന്റിലെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന്‍ തങ്ങളോടു പറഞ്ഞുവെന്നാണ് ആ സാക്ഷികള്‍ മൊഴിനല്‍കിയത്.
ബോധം നശിച്ച അവസ്ഥയില്‍ തള്ളിയിട്ടതാണെന്ന ഡോക്ടറുടെ മൊഴിയും ചാടുന്നതുകണ്ടതായി പറഞ്ഞുകേട്ടുവെന്ന മറ്റു രണ്ടുസാക്ഷികളുടെ മൊഴിയും നീതിപീഠത്തിനു മുന്നിലെത്തുമ്പോള്‍ സ്വാഭാവികമായും കൊലപാതകം സംശയത്തിന്റെ നിഴലിലാകും. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു ലഭിക്കും. വിചാരണക്കോടതിയും ഹൈക്കോടതിയും കൊലക്കുറ്റം അംഗീകരിച്ചുവെന്നതിനര്‍ഥം നാലും നാല്‍പ്പതും സാക്ഷികളുടെ മൊഴികള്‍ ഗൗരവമായി എടുത്തില്ലെന്നു തന്നെയാണ്.
കുറ്റപത്രം തയാറാക്കുമ്പോള്‍ പരസ്പരവിരുദ്ധമായ സാക്ഷിമൊഴികള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഗോവിന്ദച്ചാമിക്കെതിരേയുള്ള കൊലക്കുറ്റം റദ്ദാക്കപ്പെടില്ലായിരുന്നു. തുടക്കത്തില്‍ സംഭവിച്ച ആ വീഴ്ചയ്ക്കു പരമോന്നതനീതിപീഠത്തെയും കേസു വാദിച്ച അഭിഭാഷകനെയും കല്ലെറിഞ്ഞതുകൊണ്ടോ കൊഞ്ഞനംകുത്തിയതുകൊണ്ടോ കാര്യമില്ല.
ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ നടത്തിയ പ്രതികരണം ഇവിടെ ശ്രദ്ധേയമാണ്: ''സൗമ്യവധക്കേസിന്റെ തുടക്കം മുതല്‍ നാട്ടുകാരെയും മാധ്യമങ്ങളെയും അന്വേഷണോദ്യോഗസ്ഥരെയും സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയുമെല്ലാം നിയന്ത്രിച്ചതു വിവേകമായിരുന്നില്ല, വികാരമായിരുന്നു. അതുതന്നെയാണ് ഇത്തരമൊരു വിധിയുണ്ടാകാന്‍ കാരണം.''











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

latest
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 months ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago