സി.പി.എമ്മിലെ വധശിക്ഷാതര്‍ക്കം
ഗോവിന്ദച്ചാമിക്ക് തുണയായി:
വി.എം. സുധീരന്‍
ആലുവ: സി.പി.എമ്മില്‍ വധശിക്ഷ സംബന്ധിച്ചു നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഗോവിന്ദച്ചാമിക്ക് സുപ്രിം കോടതിയില്‍ നിന്ന് വധശിക്ഷയില്‍ ഇളവു ലഭിക്കാന്‍ കാരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു.
ആലുവ പാലസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സര്‍ക്കാര്‍ മന:പൂര്‍വം വീഴ്ച്ച വരുത്തുകയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനുകാരണം വധശിക്ഷ സംബന്ധിച്ച് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ്. അഭിപ്രായഭിന്നതകള്‍ അവിടെ നില്‍ക്കട്ടെ. സുപ്രിം കോടതി വിധിക്കെതിരേ ഏത് തരത്തിലുള്ള ഹരജി നല്‍കിയിട്ടായാലും പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയിലെയും താത്വിക - രാഷ്ട്രീയ നിലപാടുകള്‍ തടസമാകരുത്. സൗമ്യ വധക്കേസില്‍ സുപ്രിം കോടതി വിധി ഏതു തരത്തിലുള്ള കുറ്റകൃത്യം ചെയ്താലും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന സന്ദേശമാണ് നല്‍കുന്നത്.
പരാജയം മറച്ചുവയ്ക്കാന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വധശിക്ഷയെ സംബന്ധിച്ചു സി.പി.എം ഉന്നത നേതാക്കള്‍ക്കിടയിലെ തര്‍ക്കം സൗമ്യകേസ് നടത്തിപ്പിലെ സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണം. നിസഹായയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചു മാരകമായി പരുക്കേല്‍പിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ പ്രതി പരമാവധി ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടുപോകുന്നത് സമൂഹത്തില്‍ കടുത്ത അരക്ഷിതാബോധം സൃഷ്ടിക്കും.
നാളെ ഒരു പെണ്‍കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വധശിക്ഷ തന്നെ പ്രതിക്ക് നല്‍കണം. ഒരു പെണ്‍കുട്ടിയേയും ഇങ്ങനെ പിച്ചിച്ചീന്താന്‍ ഒരു അധമനും ഇനി ധൈര്യമുണ്ടാവരുത്.
വിചാരണാക്കോടതിയിലും ഹൈക്കോടതിയിലും കേസ് വിജയത്തിലെത്തിച്ച അന്വേഷണ സംഘത്തിന്റെയും അഭിഭാഷകരുടെയും സേവനം സുപ്രിം കോടതിയില്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുകയും അന്വേഷണസംഘം കണ്ടെത്തിയ തെളിവുകള്‍ സുപ്രിം കോടതിയില്‍ നിരത്തുകയും ചെയ്യാതിരുന്നതിനാലാണ് പ്രതിക്ക് വധശിക്ഷ ലഭിക്കാതെ പോയത്.
സുപ്രിം കോടതിയില്‍ ഇനിയെങ്കിലും കേസ് ജാഗ്രതയോടെ നടത്തി പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വിഴ്ച മറയ്ക്കാന്‍
വിവാദമാക്കുന്നു: ഉമ്മന്‍ ചാണ്ടി
കോട്ടയം: എല്ലാമേഖലകളിലും പരാജയപ്പെട്ട ഇടതു സര്‍ക്കാരിന്റെ കഴിവുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൗമ്യ കേസില്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് വധശിക്ഷ വിവാദമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്ത് ഇരുന്ന് പറഞ്ഞതൊന്നും ചെയ്യാന്‍ കഴിയാത്ത സി.പി.എം അധികാരത്തില്‍ എത്തിയപ്പോള്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
ജില്ലാ കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."