നാളത്തെ കെ.എസ്.ആര്.ടി.സിയുടെ ബംഗളൂരു സര്‍വിസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കുള്ള നാളത്തെ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ റദ്ദാക്കും. കാവേരി നദീജലതര്‍ക്കം സംബന്ധിച്ച കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നതു കണക്കിലെടുത്താണ് തീരുമാനം. കോടതി പരാമര്‍ശത്തിന്റെ പേരില്‍ കര്‍ണാടകയില്‍ അക്രമാസക്ത പ്രതിഷേധങ്ങളുണ്ടായാല്‍ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിച്ചുമാണ് തീരുമാനമെന്ന് കെ.എസ്.ആര്.ടി.സി വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ചത്തെ ട്രിപ്പുകള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവച്ചിട്ടുണ്ട്. അക്രമസാധ്യതയുള്ളതിനാല്‍ അന്ന് ട്രിപ്പുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് കര്‍ണാടക പൊലിസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടില്ല. ഇന്നായിരിക്കും അതു റദ്ദാക്കുക. ഇതുസംബന്ധിച്ച് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യഥാസമയം അറിയിപ്പുനല്‍കും.
ചൊവ്വാഴ്ചത്തെ സുപ്രിം കോടതി വിധിയും അതിന്റെ പ്രത്യാഘാതങ്ങളും പരിശോധിച്ചായിരിക്കും തുടര്‍ന്നുള്ള സര്‍വിസ് സംബന്ധിച്ച തീരുമാനം. കോടതിവിധിയുടെ പേരില്‍ ചൊവ്വാഴ്ച കര്‍ണാടകയില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണെങ്കില്‍ അന്നു പുറപ്പെടേണ്ട ട്രിപ്പുകളും റദ്ദാക്കും. ഇതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും തുടര്സര്വിസുകളെക്കുറിച്ച് തീരുമാനമെടുക്കുക.
കാവേരി നദീജല പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി കര്‍ണാടകയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഹര്‍ത്താലിനും മറ്റു പ്രതിഷേധങ്ങള്‍ക്കുമിടയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. കര്‍ണാടകയുമായി തര്‍ക്കത്തിലുള്ള തമിഴ്നാട്ടില്‍ നിന്നുള്ള ബസുകള്‍ക്കു നേരെയാണ് കൂടുതല്‍ അക്രമമുണ്ടായിത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ബസുകള്‍ കേരളത്തിലേക്കും തിരിച്ചും സുരക്ഷിതമായി സര്‍വിസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."