സാമ്പത്തിക വര്‍ഷം; മാറ്റം വേണമെന്ന് സംസ്ഥാനം
തിരുവനന്തപുരം: സാമ്പത്തികവര്‍ഷത്തിന്റെ ക്രമീകരണത്തില്‍ മാറ്റം വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ധാരണയായി.
അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. സാമ്പത്തികവര്‍ഷം ക്രമീകരിക്കുന്നത് സംബന്ധിച്ചു സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരുന്നു.
ജനുവരി ഒന്നിന് ആരംഭിച്ചു ഡിസംബര്‍ 31ന് അവസാനിക്കുന്ന രീതിയില്‍ സാമ്പത്തികവര്‍ഷം ക്രമീകരിക്കണമെന്നാണ് സംസ്ഥാനം ഉയര്‍ത്തുന്ന ആവശ്യം. നിലവില്‍ ഇത് ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന രീതിയിലാണ്. മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍തന്നെ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളെ പുന:ക്രമീകരണം യാതൊരു തരത്തിലും ബാധിക്കില്ലെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാട്.
നിലവിലുള്ള സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേനലവധിയാണ്. ബജറ്റ് വിഹിതത്തിന്റെ 40 ശതമാനവും ചെലവഴിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്.
അതിനാല്‍ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. മണ്‍സൂണ്‍ കാലമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാര്‍ഷികരംഗത്തും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. കര്‍ഷകര്‍ക്ക് എന്തെങ്കിലും സാമ്പത്തികസഹായം ലഭ്യമാക്കണമെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കേണ്ടിവരും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍ സെപ്റ്റംബര്‍ മാസമാകും.
ധനസഹായം വൈകുന്നത് കര്‍ഷകന് പ്രയോജനം ചെയ്യുന്നില്ല. കലണ്ടര്‍വര്‍ഷം ആരംഭിക്കുന്ന ജനുവരി ഒന്നിന് സാമ്പത്തികവര്‍ഷം ആരംഭിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തികവര്‍ഷം പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ തമിഴ്‌നാട് മുന്‍ ധനകാര്യസെക്രട്ടറി പി.വി.രാജരാമന്‍ കേന്ദ്ര നയരൂപീകരണ സമിതി അംഗം രാജീവ് കുമാര്‍ എന്നിവര്‍ അംഗങ്ങളായി കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍, അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, ബാങ്ക് പ്രതിനിധികള്‍, സെബി ഭാരവാഹികള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ തേടിയശേഷമാകും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഡിസംബര്‍ 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വരവ് ചെലവ് കണക്കുകള്‍, കാര്‍ഷികവിളകളുടെ വിളവെടുപ്പ് കാലം, സാമ്പത്തിക വര്‍ഷം മാറ്റിയാല്‍ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടാകാവുന്ന മാറ്റങ്ങള്‍, രാജ്യത്തെ വിവിധ നിയമസഭകളിലെ ബജറ്റ് നടപടിക്രമങ്ങളെ ഏതു വിധത്തില്‍ ബാധിക്കും എന്നതെല്ലാം വിലയിരുത്തിയാകും സമിതി റിപ്പോര്‍ട്ട് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."