ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്
തിരുവനന്തപുരം: ആറ്റുകാലില്‍ വര്‍ക്കല സ്വദേശിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങളുമായി കുടുംബം. സ്വകാര്യ ബാങ്കിലെ മാനേജരാണെന്ന് പറഞ്ഞാണ് അതുല്‍ ആരതിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷമാണ് വാഹന വായ്പയുമായി ബന്ധപ്പെട്ട ജോലിയാണെന്ന് മനസിലായത്. വിവാഹസമയത്ത് അമ്പതോളം പവന്‍ സ്വര്‍ണ്ണമാണ് ആരതിക്ക് സ്ത്രീധനമായി കുടുംബം നല്‍കിയിരുന്നത്. എന്നാല്‍ ഈ സ്വര്‍ണ്ണമെല്ലാം വണ്ടിയെടുക്കാനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി അതുല്‍ പണയം വെയ്ക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. സ്വര്‍ണ്ണമെല്ലാം തീര്‍ന്നതിന് ശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇയാള്‍ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മണക്കാട് ആറ്റുകാല്‍ ചിറമുക്ക് അംബികാസദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിനുവിന്റെ മകള്‍ ആരതി (26) യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരികമാനസിക പീഡനങ്ങളെത്തുടര്‍ന്നാണ് ആരതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് തൊട്ടുമുന്‍പ് ഭര്‍ത്താവ് അതുല്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ ആരതി വാട്‌സ്ആപ്പ് വഴി മാതാവ് ജിനുവിന് അയച്ചുകൊടുത്തിരുന്നു. ആരതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അതുലിനെ ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് പൊലിസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

ഭര്‍ത്താവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങള്‍ പലരോടും പറഞ്ഞിരുന്നതായി ആരതിയുടെ അവസാന കുറിപ്പിലുണ്ട്. പക്ഷെ തന്റെ വിഷമം ആരും കേട്ടില്ലെന്നും നിരന്തരമായി പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. അതുലിന്റെ മാനസിക പീഡനം സഹിക്കാന്‍ പറ്റുന്നില്ലെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
മരണത്തിന് തൊട്ടുമുന്‍പ് ആരതി റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശവും പൊലിസ് കണ്ടെത്തി. തനിക്ക് മരിക്കാന്‍ പേടിയാണെന്നും പക്ഷേ മരിക്കാതെ നിവൃത്തിയില്ലെന്നും ആരതിയുടെ ഫോണിലെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ തന്നെ അതുല്‍ ആരതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നതായി കുടുംബം പറയുന്നു. ആറു മാസം മുന്‍പാണ് ഇവര്‍ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കഴിഞ്ഞ ദിവസം രാത്രി വാടകവീട്ടില്‍ വെച്ച് ആരതിയും അതുലും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി. വൈകിട്ട് 5.45 ന് ആരതി മാതാവിനെ ഫോണില്‍ വിളിച്ച് വീട്ടിലെ പ്രശ്‌നങ്ങള്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ വ്യക്തമാകുന്ന ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ചുനല്‍കി. ഇതിന് പിന്നാലെയാണ് ആരതി മുറിക്കുള്ളില്‍ ജീവനൊടുക്കിയത്.
അതുല്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആരതി മുറിയില്‍ കയറി വാതിലടച്ചപ്പോള്‍ വീടിന് പുറത്തിരിക്കുകയായിരുന്ന അതുല്‍, പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലിസിനെയും വിവരമറിയിച്ചത്.
വിവാഹശേഷവും അതുലിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചില ചിത്രങ്ങളും തെളിവുകളും ആരതിക്ക് ലഭിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായത്. അതുലിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും ആ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഈ അടുത്ത കാലത്താണ് തങ്ങള്‍ അറിഞ്ഞതെന്നും ആരതിയുടെ കുടുംബം വെളിപ്പെടുത്തി. സംഭവത്തില്‍ വനിതാ കമ്മിഷനും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
A woman identified as Aarathi allegedly revealed in her final note that she married Atul after he claimed to be a bank manager. According to the note, she had shared details of the abuse and harassment she faced from her husband with several people, but her distress went largely unheard.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."