വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക മല്ലികയ്‌ക്കെതിരേയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.
സ്‌കൂളിനെ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്കായി ഉപയോഗിച്ചതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സ്‌കൂളുകള്‍ രാഷ്ട്രീയ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അടുത്തിടെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. വിജയ്യുടെ പ്രസംഗം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഇരുന്ന് കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ജോസഫ് വിജയ് കരൂര്‍ സന്ദര്‍ശിച്ചത്. 2025 സെപ്റ്റംബറില്‍ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന ഉത്തരവ് കൈമാറാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് വിജയ് കരൂരിലെത്തിയത്.
പരിപാടിയില്‍ സംസാരിച്ച വിജയ്, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലിസിനെയും മുന്‍ ഡി.എം.കെ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആള്‍ക്കൂട്ടം നിയന്ത്രണാതീതമാകുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് അഴിമതി അവസാനിപ്പിച്ചെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കൈക്കൂലി നല്‍കേണ്ട സാഹചര്യമില്ലെന്നും വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
The headmistress has been suspended over the incident where Tamil Nadu Chief Minister Joseph Vijay's speech was telecast live in a government school.The School Education Department has taken action against Mallika, the headmistress of Karur Krishnarayapuram Panchayat Union School.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."