'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി
പാലക്കാട്: യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് വ്യവസായം കനത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍. പദ്ധതി ആരംഭിച്ച് വെറും ഒരു മാസം പിന്നിടുമ്പോള്‍ 65 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഇതേത്തുടര്‍ന്ന് അഞ്ഞൂറിലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തലാക്കി. സര്‍വീസ് നടത്തുന്ന ബസുകളാകട്ടെ കനത്ത നഷ്ടം ഭയന്ന് ട്രിപ്പുകള്‍ വെട്ടിച്ചുരുക്കുകയാണ്. ഈ സാഹചര്യത്തില്‍, ഗതാഗത മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസില്‍ വച്ച് ബസ് ഉടമകളുടെ അടിയന്തര യോഗം ചേര്‍ന്നു.
സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയതുപോലെ, സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും അതിന്റെ ടിക്കറ്റ് തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം. ഇതിനൊപ്പം ഡീസല്‍ സബ്‌സിഡി നല്‍കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ബസുകള്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് മന്ത്രി നിര്‍ദേശിച്ചതെങ്കിലും ചര്‍ച്ചയില്‍ അനുകൂല തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.
അതിനിടെ, പ്രിയദര്‍ശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ ഗതാഗത കമ്മീഷണര്‍ കെ. പദ്മകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ബി.ജി ശ്രീദേവി, കെ.എസ് വിജയശ്രീ, കെ. മനോജ് കുമാര്‍, ഡോ. സജ്ജയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ആറാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും.
Private bus operators in Kerala face a ₹65 crore loss and over 500 service suspensions within a month due to the UDF government's 'Priyadarshini' free travel scheme for women, prompting the government to appoint an expert committee to study the crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."