ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റദ്ദാക്കി, ഗുരുതര വീഴ്ച
ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റദ്ദാക്കി
കോഴിക്കോട്: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് കേരള പബ്ലിക് സർവിസ് കമ്മിഷൻ (പി.എസ്.സി) ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ റദ്ദാക്കി. പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ച വിവിധ തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ച പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നൽകിയതാണ് ഗുരുതര വീഴ്ചയായത്. രാവിലത്തെ പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ കാര്യം തിരിച്ചറിയുന്നത്.
ആലപ്പുഴയിലെ ഒരു സ്കൂളിൽ ചോദ്യപേപ്പർ മാറിനൽകിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ ഇടുക്കിയിലുൾപ്പെടെ വിവിധ ജില്ലകളിൽ ചോദ്യപേപ്പർ മാറിനൽകിയെന്ന വിവരം പുറത്തുവന്നു. തുടർന്നാണ് പി.എസ്.സി പരീക്ഷ റദ്ദാക്കിയതായി അറിയിച്ചത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയെന്നാണ് പി.എസ്.സി അറിയിപ്പിൽ പറയുന്നത്. വിവിധ ജില്ലകളിൽ ചോദ്യപേപ്പർ മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ചോദ്യപേപ്പർ വിതരണം ചെയ്തതിൽ പി.എസ്.സിക്ക് സംഭവിച്ച പിഴവാണ് ഗുരുതര വീഴ്ചയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
എസ്.എസ്.എൽ.സി/പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള നിയമന നടപടികളുടെ ഭാഗമായുള്ള പരീക്ഷ രാവിലെ 10:00 മുതൽ 11:35 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 3:05 വരെയും രണ്ട് ഘട്ടങ്ങളിലായാണ് പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്നത്. പരീക്ഷ റദ്ദാക്കിയതോടെ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളാണ് ദുരിതത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."