മദ്യമൊഴുക്കാനുള്ള നീക്കം ഉപേക്ഷിക്കണം
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന സൂചന എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെ നല്‍കിയിരുന്നു. എന്നാല്‍, മാറ്റം ഏതു രൂപത്തിലായിരിക്കുമെന്നോ എന്നു മുതല്‍ ആയിരിക്കുമെന്നോ വ്യക്തത നല്‍കിയിരുന്നില്ല.
ഭരണത്തിന്റെ ആദ്യ നാലുമാസക്കാലയളവിനുള്ളില്‍ നയത്തില്‍ ഒരു മാറ്റവും വരുത്തിയതുമില്ല. ഇപ്പോള്‍ ആ ദിശയിലേയ്ക്ക് അതിവേഗം ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണു സര്‍ക്കാര്‍ എന്ന സൂചന നല്‍കിയിരിക്കയാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
നിലവിലുള്ള മദ്യനയമനുസരിച്ചു സംസ്ഥാനത്ത് അവശേഷിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ മദ്യവില്‍പ്പനശാലകളില്‍ പത്തുശതമാനം ഈ വരുന്ന ഗാന്ധിജയന്തിദിനത്തില്‍ അടച്ചുപൂട്ടേണ്ടതാണ്. ബാറുകളെല്ലാം അടച്ചതിനുശേഷം ഇങ്ങനെ ഘട്ടംഘട്ടമായി ചില്ലറവില്‍പ്പനശാലകളും പൂട്ടി കേരളത്തെ പൂര്‍ണമായി മദ്യവിമുക്തമാക്കുകയെന്നതാണു യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയത്തിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഗാന്ധിജയന്തി ദിനങ്ങളിലായി സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പ്പനശാലകളില്‍ കുറേയെണ്ണത്തിനു താഴുവീണു. എന്നാല്‍, ഇനിയങ്ങോട്ടു ചില്ലറവില്‍പ്പനശാലകള്‍ പൂട്ടുകയില്ലെന്നാണു മന്ത്രി ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള 306 ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകള്‍ അതേപടി നിലനില്‍ക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കയാണ്.
മദ്യനയം അടിമുടി അഴിച്ചുപണിയാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിറകയാണു മന്ത്രിയുടെ വെളിപ്പെടുത്തല്‍. പൂട്ടിയ ബാറുകള്‍ അടുത്തമാസം തുറക്കാന്‍ തകൃതിയായ നീക്കം സര്‍ക്കാര്‍തലത്തില്‍ നടക്കുന്നതായും പുതിയ മദ്യനയം തയാറാക്കാനായി എല്‍.ഡി.എഫ് ഉപസമിതിയെ നിയോഗിച്ചതായും വാര്‍ത്തയുണ്ട്.
എളുപ്പത്തില്‍ മദ്യം ലഭ്യമാകുന്ന സൂപ്പര്‍മാര്‍ക്കറ്റുകളടക്കം 100 മദ്യവില്‍പ്പനശാലകള്‍കൂടി തുറക്കാന്‍ ആലോചിക്കുന്നതായും വാര്‍ത്ത വരുന്നു. ഇതൊക്കെ ശരിയാണെന്ന സൂചനതന്നെയാണു മന്ത്രിയുടെ വാക്കുകളിലുള്ളത്. കേരളത്തിലെ സമാധാനപ്രേമികളെ സംബന്ധിച്ചിടത്തോളം തികച്ചും ആശങ്കാജനകമാണ് ഈ നീക്കം.
കേരളീയസമൂഹത്തിന് ഏറെ ആശ്വാസം പകര്‍ന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം. അതിന്റെ ഫലം സംബന്ധിച്ചു വ്യത്യസ്തകണക്കുകളും വാദങ്ങളുമൊക്കെ ഉന്നയിക്കപ്പെട്ടെങ്കിലും സംസ്ഥാനത്തു മദ്യത്തിന്റെ ഉപഭോഗം കുറയുകതന്നെയാണുണ്ടായത്. മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിലും ഗണ്യമായ കുറവുണ്ടായി. പൊതുസ്ഥലങ്ങളിലുള്ള മദ്യപാനികളുടെ അഴിഞ്ഞാട്ടവും കുറഞ്ഞു.
മദ്യവിപത്തില്‍നിന്നു ഭാവിയിലെങ്കിലും മോചനംനേടാമെന്ന ജനതയുടെ പ്രതീക്ഷയിലാണു സര്‍ക്കാര്‍ കത്തിവയ്ക്കാന്‍ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു നേരിട്ട വന്‍തോല്‍വി മദ്യനയം ജനങ്ങള്‍ നിരാകരിച്ചതിനു തെളിവാണെന്ന വാദമാണു നയംമാറ്റത്തിനു ന്യായീകരണമായി ഭരണപക്ഷം ഉന്നയിക്കുന്നത്. തികച്ചും ബാലിശമായൊരു വാദമാണിത്.
മൂന്നര ദശാബ്ദത്തിലേറെയായി ഓരോ തെരഞ്ഞെടുപ്പിലും മുന്നണികള്‍ മാറിമാറിവരുന്ന തരത്തിലുള്ള ജനവിധിയാണു കേരളത്തിലുണ്ടാകുന്നത്. മന്ത്രിമാര്‍ക്കു നേരേയുയര്‍ന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും അനൈക്യവുമൊക്കെയാണ് ആ മുന്നണിയുടെ തോല്‍വി കനക്കാന്‍ ഇടയാക്കിയതെന്നു വ്യക്തമാണ്. അതു മദ്യനയത്തിനുണ്ടായ തോല്‍വിയായി വിലയിരുത്തുന്നതു ജനതയുടെ ജനാധിപത്യബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്.
ഭരണമെന്നതു തുടര്‍ച്ചയായൊരു പ്രക്രിയയാണ്. വ്യത്യസ്ത രാഷ്ട്രീയകാഴ്ചപ്പാടുകളുള്ള പാര്‍ട്ടികളും മുന്നണികളും അധികാരത്തില്‍ മാറിവരുന്നതു സ്വാഭാവികമാണ്. മുന്‍സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളില്‍ ജനോപകാരപ്രദമായവ നിലനിര്‍ത്തുകയും ജനങ്ങള്‍ക്കു ദോഷമുണ്ടാക്കുന്നവയില്‍ മാറ്റംവരുത്തുകയുമാണു ജനങ്ങളോടു പ്രതിബദ്ധതയും വിവേകവുമുള്ള ഏതൊരു രാഷ്ട്രീയകക്ഷിയും ചെയ്യേണ്ടത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അതിനുവിരുദ്ധമായ ദിശയിലാണ് ഇടതുസര്‍ക്കാര്‍ നീങ്ങുന്നത്.
എ.കെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന ചാരായനിരോധനം 1996ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ റദ്ദാക്കാതിരുന്നതു പുതിയഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. മദ്യംമൂലം ജീവിതം തകരുന്നവരിലധികവും കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന ദരിദ്രരാണെന്ന യാഥാര്‍ഥ്യം നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ പാവങ്ങളുടെ പക്ഷത്തുനില്‍ക്കുന്നുവെന്നു പറയുന്ന സര്‍ക്കാരിന് ഒട്ടും ഭൂഷണല്ല ഈ നീക്കം.
സാധാരണക്കാരില്‍നിന്ന് ഒരു സമ്മര്‍ദവുമുണ്ടാവാതെയാണു സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്. മദ്യവ്യവസായമേഖലയിലെ മാഫിയാസംഘങ്ങളുടെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്ന വാദം പ്രബലമാണ്. അതു സ്വയം സമ്മതിക്കുന്നതിനു തുല്യമായിരിക്കും മദ്യനയത്തില്‍ മാറ്റംവരുത്താനുള്ള നീക്കം. അതില്‍നിന്നു സര്‍ക്കാര്‍ പിന്മാറുകതന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."