മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട അസ്‌ലമിന്റെ മാതാവ് സുബൈദ
നാദാപുരം: മകന്റെ കൊലപാതകികളെ കണ്ടെത്തുന്നതില്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തുകയാണെന്നും കേസന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്കു കൈമാറിയാലേ നീതി ലഭിക്കുകയുള്ളുവെന്നും കൊല്ലപ്പെട്ട അസ്‌ലമിന്റെ മാതാവ് സുബൈദ സുപ്രഭാതത്തോട് പറഞ്ഞു.
നിലവിലെ അന്വേഷണത്തില്‍ ഒട്ടും തൃപ്തിയില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയോടെയാണ് തന്റെ മകന്‍ കൊല്ലപ്പെട്ടത്. നിരപരാധിയെന്ന് പറഞ്ഞു കോടതി വിട്ടയച്ച മകനെ എന്തു തെറ്റിന്റെ പേരിലാണ് ഇവര്‍ കൊന്നതെന്ന് സുബൈദ ചോദിച്ചു. യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. സി.പി.എം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണിത്.
അവനെക്കൊല്ലുമെന്നു പല സി.പി.എം പ്രവര്‍ത്തകരും തന്നോടു നേരിട്ടു പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിന്റെ പാര്‍ട്ടി ബന്ധം പോലും തനിക്ക് തുണയായില്ല. ഭീഷണി കാരണം നാട്ടില്‍ നില്‍ക്കാന്‍ അസ്‌ലം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും സുബൈദ പറഞ്ഞു.
അസ്‌ലം കൊല്ലപ്പെട്ട ദിവസം മാതാവ് സുബൈദ കോഴിക്കോട്ടെ സഹോദരിയുടെ വീട്ടിലായിരുന്നു. അസ്‌ലമിന് രാത്രി ഏഴു മണിക്ക് ബംഗളൂരുവിലേക്ക് പോകാന്‍ വസ്ത്രങ്ങളെല്ലാം ബാഗില്‍ ഒരുക്കി വച്ചായിരുന്നു ഉമ്മ യാത്ര പോയത്. ബംഗളൂരുവിലേക്ക് പോകാന്‍ വടകരയില്‍ നിന്നും ടിക്കറ്റുമായി വരുന്ന വഴിയിലാണ് വൈകിട്ട് അഞ്ചു മണിയോടെ അസ്‌ലമിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. താന്‍ വീട്ടിലെത്താന്‍ വൈകുമെന്ന് വിളിച്ചറിയിച്ചപ്പോള്‍ 'ഉമ്മ വരുന്നതിന് മുന്‍പ് ഞാന്‍ പോകും' എന്ന് പറഞ്ഞാണ് അവന്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും വേദനയോടെ സുബൈദ ഓര്‍ത്തെടുത്തു.
ഭര്‍ത്താവ് നേരത്തെ മരണപ്പെട്ട തന്റെ എല്ലാ പ്രതീക്ഷയും അവനിലായിരുന്നുവെന്ന് സുബൈദ പറഞ്ഞു. ഷിബിന്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ അസ്‌ലമിന്റെ പേരും വന്നതോടെ ഒരുദിവസം പോലും കണ്ണടയ്ക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഇരുനില വീടും സമ്പാദ്യങ്ങളും അക്രമികള്‍ ചാമ്പലാക്കി. 19 പവനും അന്ന് നഷ്ടമായി. നഷ്ട പരിഹാരമായി അന്നത്തെ സര്‍ക്കാര്‍ അനുവദിച്ച 17ലക്ഷം രൂപ പോലും തടഞ്ഞുവച്ചിരിക്കുകയാണ്.
ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന തന്റെ നഷ്ടം ആര് നികത്തുമെന്നും അവര്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. ബുധനാഴ്ച നടക്കുന്ന നാല്‍പതാം ദിവസത്തെ പ്രാര്‍ഥന തൂണേരിയിലെ വീട്ടില്‍ നടത്തി സ്വദേശമായ വാണിമേലില്‍ തന്നെ കഴിയാനുള്ള തീരുമാനത്തിലാണ് സുബൈദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."