ഓണ്‍ലൈന്‍ പെണ്‍വാണിഭം: കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയില്‍
കൊച്ചി: അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. മൂന്നംഗ സംഘത്തെ കൊച്ചിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പൊലിസ് പിടികൂടിയത്.
വൈറ്റില പൊന്നുരുന്നി ആനതുരുത്തില്‍ ജോണി ജോസഫ് എന്ന അജി ജോണ്‍ (42), ലോഡ്ജ് ഉടമകളായ കൊട്ടാക്കര കിഴക്കേ തെരുവ് തെങ്ങുവിള വീട്ടില്‍ റെജി മാത്യു (32), മൈനാഗപിളളി കടപ്പലാല്‍ ഭവനില്‍ മനീഷ് ലാല്‍ (27) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം ആറിന് കൊച്ചിയിലെ ലോഡ്ജില്‍നിന്നും പിടികൂടിയത്.
വെബ് സൈറ്റിലൂടെ പരസ്യം നല്‍കിയാണ് ഇവര്‍ ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. ലോക്കാന്റോ എന്ന വെബ് സൈറ്റില്‍ പ്രതികള്‍ നല്‍കിയ മൊബൈല്‍ നമ്പരാണ് ഇവരെ കുടുക്കാന്‍ പൊലിസിന് സഹായമായത്. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘത്തില്‍ നിന്നാണ് കൊല്‍ക്കൊത്ത സ്വദേശിനിയായ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. ഏകദേശം ഇരുപത് വയസ് തോന്നിക്കുന്ന കുട്ടിയെ പെണ്‍വാണിഭത്തിനായി ലോഡ്ജില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പൊലിസ് ലോഡ്ജ് മുറിയില്‍ നിന്നാണ് മോചിപ്പിച്ചത്.
ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നത്. മുറിയില്‍ നടത്തിയ പരിശോധനയില്‍ ദിവസങ്ങളായി സംഘം പെണ്‍വാണിഭം നടത്തിവന്നിരുന്നതിന് നിരവധി തെളിവുകള്‍ പൊലിസിന് ലഭിച്ചു. അരലക്ഷത്തോളം രൂപ പ്രതികളില്‍നിന്നും പൊലിസ് പിടിച്ചെടുത്തു. ഇടപാടുകാരില്‍നിന്നും വന്‍തുക കൈപ്പറ്റിയിരുന്നതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഞ്ചു ദിവസത്തേക്ക് 25,000 രൂപ ഇടനിലക്കാരന് നല്‍കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്.
കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയില്‍ അകപ്പെട്ടിട്ടുള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ വാണിഭ സംഘത്തില്‍ പെട്ടിട്ടുണ്ടോയെന്ന് പൊലിസ് പരിശോധിച്ചു വരികയാണ്. കൊച്ചി സിറ്റി ആന്റി ഹ്യൂമണ്‍ ട്രാഫിക്ക് ഇന്‍ ക്ലബ് അംഗങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐ. ജി എസ് ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."