രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ആരംഭിച്ച 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി സി പി ജോണ്‍ നിര്‍വഹിച്ചു. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് രാത്രികാല യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനും പത്തിനും പിങ്ക് ബസ് സര്‍വീസുകള്‍ നടത്തും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങള്‍ വിലയിരുത്തി റൂട്ടുകളും സമയക്രമവും ശാസ്ത്രീയമായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
രാത്രി സര്‍വീസുകള്‍ക്ക് പുറമെ പകല്‍ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാക്കും. ട്രെയിനില്‍ എത്തുന്ന സ്ത്രീകള്‍, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ കോളേജിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായാണ് രാവിലെ പിങ്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതില്‍ കെ എസ് ആര്‍ ടി സി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ശക്തമായ വിശ്വാസവും സ്വീകാര്യതയും കെ എസ് ആര്‍ ടി സി നേടിയിട്ടുണ്ടെന്നും, ഇത് ജീവനക്കാരുടെ ആത്മവിശ്വാസവും അഭിമാനവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൗജന്യ യാത്രാ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
കൗണ്‍സിലര്‍ ഹരികുമാര്‍ അധ്യക്ഷനായി. കെ എസ് ആര്‍ ടി സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കര്‍ സ്വാഗതമാശംസിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യാത്രക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
KSRTC has launched its 'Pink Bus' ladies-only night service to provide safer and more comfortable travel for women. The initiative is aimed at enhancing women's safety during nighttime travel while improving access to reliable public transportation across designated routes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."