ജനമൊഴുകി, ഹൃദയം നൊന്ത്...
പെരിന്തൽമണ്ണ: ആ പുഞ്ചിരിയും നിലച്ചു, സമസ്ത സ്‌നേഹികളുടെ കാതുകളിൽ നിനച്ചിരിക്കാതെയാണ് ആ വാർത്തയെത്തിയത്. ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി പ്രിയ നായകന്റെ വിയോഗം അവർക്ക് ഉൾക്കൊള്ളാനാവുന്നില്ലായിരുന്നു. വാർത്ത കേട്ടവർ ജോലിയും മറ്റും ഉപേക്ഷിച്ച് തിരൂർക്കാട്ടേക്ക് ഒഴുകി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ആലിക്കുട്ടി മുസ് ലിയാരെന്ന, സമസ്തയുടെ മുഖ്യകാര്യദർശിയുടെ ഭൗതികദേഹവും വഹിച്ചെത്തിയ ആംബുലൻസ് ഖാസി മൻസിലിന്റെ കവാടം കടക്കുംമുമ്പേ അവിടം ജനനിബിഡമായിരുന്നു. നാനാദിക്കുകളിൽ നിന്നും പ്രിയ നേതാവിനെ അവസാനമായൊരു നോക്കുകാണാനെത്തിയ ജനങ്ങളാൽ തിരൂർക്കാട്ടെ നിരത്തുകളും നിറഞ്ഞു.
വൈകീട്ട് നാല് മുതൽ 5.45 വരെ ഒഴുകിയെത്തിയ ആയിരങ്ങൾ സമസ്തയുടെ നായകന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. പാണ്ഡിത്യത്താൽ കുനിഞ്ഞ ശിരസും സൗമ്യത ചാലിച്ച പുഞ്ചിരിയും കൊണ്ട് ജനതയുടെ ആത്മാവിനെ തൊട്ടുണർത്തിയ മഹാനുഭാവൻ ആ വീടിനുള്ളിൽ പുഞ്ചിരിച്ചു കിടന്നു. കാണാനെത്തിയവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ കണ്ഠമിടറി. ഹൃദയം തേങ്ങി. പ്രാർഥനാ ശകലങ്ങളും ഖുർആൻ സൂക്തങ്ങളും അന്തരീക്ഷത്തിൽ ഇടമുറിയാതെ മുഴങ്ങി. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതാക്കളെയും പ്രവർത്തകരെയും കൊണ്ട് ആ വീട്ടുമുറ്റം വീർപ്പുമുട്ടി. സ്‌നേഹ ബഹുമാനങ്ങളോടെ എന്നും ചേർത്തു പിടിച്ച സമസ്തയുടെ ജനറൽ സെക്രട്ടറിയെ കാണാൻ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും തിരൂർക്കാട്ടെ വസതിയിലെത്തി. സമസ്ത സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ് ലിയാർ, കെ. ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ അബൂബക്കർ മുസ് ലിയാർ വെളിമുക്ക്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി ഉലമാക്കളും സയ്യിദന്മാരും സാധാരണക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
രാത്രി എട്ടോടെ മയ്യിത്ത് തിരൂർക്കാട് അൻവാറുൽ ഇസ് ലാം അറബിക് കോളജിലേക്ക് എത്തിച്ചു. അപ്പോഴേക്കും നേതാവിനെ കാണാനെത്തിയ ആയിരങ്ങളാൽ റോഡിന്റെ ഇരുവശങ്ങളിലേക്കും കിലോമീറ്ററുകളോളം നീണ്ട വരിയും രൂപപ്പെട്ടു. ഇടക്കൊരു മഴയെത്തിയെങ്കിലും വകവയ്ക്കാതെ സമസ്തയുടെ അണികൾ ഉസ്താദിന്റെ മയ്യിത്ത് നിസ്‌കരിക്കാനായി ക്ഷമയോടെ കാത്തിരുന്നു. ഓരോ യാസീൻ പാരയണത്തിന് ശേഷവും ആയിരങ്ങൾ ജനാസ നിസ്‌കരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി. കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, കാന്തപുരം വിഭാഗം നേതാവ് ഇ. സുലൈമാൻ മുസ് ലിയാർ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, ഹാശിറലി ശിഹാബ് തങ്ങൾ, സി.കെ സഈദ് മുസ് ലിയാർ അരിപ്ര, ബഷീർ ബാഖവി പൊന്മള തുടങ്ങിയവർ നിസ്‌കാരത്തിന് നേതൃത്വം നൽകി.
സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാട്, ഏലംകുളം ബാപ്പു മുസ് ലിയാർ, സുലൈമാൻ ദാരിമി ഏലംകുളം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അലി ബാഫഖി തങ്ങൾ, അബ്ദുറഹ്‌മാൻ ഫൈസി കടുങ്ങല്ലൂർ, പുത്തനഴി മൊയ്തീൻ ഫൈസി, സി. മുഹമ്മദ് ഫൈസി, ഒ.പി.എം അഷ്റഫ്, ശറഫുദ്ദീൻ തങ്ങൾ ജമലുല്ലൈലി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, കെ. ആബിദ് ഹുസൈൻ തങ്ങൾ, വി.എസ് ജോയ് വഖ്ഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ, പി.കെ അബ്ദുറബ്ബ്, പി. അബ്ദുൽ ഹമീദ്, കെ.പി.എ മജീദ്, പി. ഉബൈദുല്ല, യു. എ ലത്തീഫ്, ഹുസൈൻ മടവൂർ തുടങ്ങി മതരാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ജനാസ സന്ദർശിക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."