സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: സിക്കിമില്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിക്കും. റോഡ് മാര്‍ഗമാണ് സിക്കിമില്‍ നിന്നും മൃതദേഹം കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരുന്നത്.
കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. എംബാം ചെയ്തു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. കൊച്ചി വിമാനത്താവത്തില്‍നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക എല്ലാ പ്രവര്‍ത്തനങ്ങളും എകോപിപ്പിക്കുന്നുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞുവെന്നും വേറെ വഴിയില്ലെങ്കില്‍ സിക്കിമില്‍ തന്നെ സംസ്‌കാരം നടത്തേണ്ടിവരുമെന്നും അനീഷിന്റെ ഭാര്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അനീഷിന്റെ ഭാര്യ സംഗീതയും സഹോദരനുമടക്കമുള്ളവര്‍ സിക്കിമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ സീനിയര്‍ മാനേജറാണ് അനീഷ് മോഹന്‍. പതിനാറ് വര്‍ഷമായി എന്‍.എച്ച്.പി.സിയിലെ ജീവനക്കാരനാണ്. നാംചി ജില്ലയിലുള്ള സമര്‍ദുങ്ങില്‍ എന്‍.എച്ച്.പി.സിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിര്‍മാണത്തിനിടെയാണ് മീഥെയിന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം.
The Kerala Chief Minister's Office has intervened to expedite the repatriation of the body of Aneesh, who died in the Sikkim tunnel collapse. Following concerns raised by the family over delays, the CM's Office assured that all necessary steps are being taken in coordination with the concerned authorities to bring the body back to Kerala as quickly as possible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."