ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പി.എസ് പ്രശാന്തും മുന്‍ ബോര്‍ഡ് അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണം പൂശാന്‍ പരമ്പരാഗത രീതി സ്വീകരിക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രശാന്ത് ഇടപെട്ട് ചെന്നൈയില്‍ തന്നെ കൊണ്ടുപോകണമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിനായി റജിലാലില്‍ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് സ്വര്‍ണപാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
തിരുവാഭരണം കമ്മിഷണര്‍ റജിലാലും ചേര്‍ന്നാണ് വ്യാജരേഖ ചമച്ചത്. അജികുമാറും ജി സുന്ദരേശനും കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വ്വമായ വീഴ്ച്ച വരുത്തിയെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടക്കുന്ന ആദ്യത്തെ അറസ്റ്റായിരുന്നു ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മുന്‍ അംഗം എ.അജികുമാറിന്റെയും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡിലെ അവസാന പ്രസിഡന്റായിരുന്നു പ്രശാന്ത്. 2025ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാനായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് കേസ്. അന്ന് പി.എസ് പ്രശാന്ത്, അംഗം എ.അജികുമാര്‍ എന്നിവരടങ്ങിയ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കിയത്.
എന്നാല്‍, 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2025ല്‍ ശില്‍പങ്ങള്‍ കൊണ്ടുപോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയത്. 2023 ഡിസംബര്‍ 13ന് പ്രശാന്ത് ചുമതലയേറ്റ ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയും തുടര്‍ന്ന് തട്ടിപ്പിന് കളമൊരുക്കുകയുമായിരുന്നു.
2019ലെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ആഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിരുന്നു. 40 വര്‍ഷത്തെ സ്വര്‍ണം പൂശല്‍ വാറന്റി നിലനില്‍ക്കെയാണ് വീണ്ടും സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. ഇതില്‍ പ്രശാന്തിന് ബോധപൂര്‍വമായ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 2025ലെ സംഭവത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാതെ 2019ലെ കേസിനൊപ്പം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നിര്‍ണായക നീക്കം.
പ്രശാന്തിനെ കൂടാതെ തിരുവാഭരണം കമ്മിഷണര്‍ രജിലാലിനെയും കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, തന്ത്രി കണ്ഠര് രാജീവര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുരാരി ബാബു എന്നിവര്‍ക്കെതിരേയും കേസെടത്തേക്കും.ഇതില്‍ മുരാരി ബാബു അടുത്തിടെ മരിച്ചിരുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ നിര്‍ണായക നീക്കമുണ്ടായത്. വരും ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ മുന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
The remand report in the Sabarimala gold theft case reportedly contains evidence indicating the direct involvement of P.S. Prashanth in the alleged crime. Investigators have outlined key findings supporting their claims as the probe continues. The case has drawn significant attention due to its connection with the famed Sabarimala temple, with further legal proceedings and investigation expected in the coming days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."