സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്
മനില: സഊദി അറേബ്യ തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും അവരുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. സഊദി അറേബ്യയുമായുള്ള ഈ സഹകരണ കരാർ സമാധാനപരമായ, സിവിലിയൻ ആണവ പദ്ധതിക്ക് മാത്രമേ വഴിയൊരുക്കൂ എന്നും റൂബിയോ വ്യക്തമാക്കി. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി സൗദി അറേബ്യയും അമേരിക്കയും സഹകരണ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു റൂബിയോയുടെ പ്രതികരണം.
"ലോകത്തിലെ ഏത് രാജ്യവുമായും സിവിലിയൻ ആണവോർജ്ജവുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന കരാറുകളിലും, അത് ആയുധ നിർമ്മാണ പദ്ധതിയാക്കി മാറ്റാനാവില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും," മനിലയിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യൻ ഉച്ചകോടിക്കിടെ റൂബിയോ പറഞ്ഞു. "സഊദി അറേബ്യ സമാധാനപരമായ, സിവിലിയൻ ആണവ പദ്ധതിയാണ് ലക്ഷ്യമിടുന്നത്," എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ അദ്ദേഹം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി സമാനമായ കരാർ നിലവിലുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് സഊദി അറേബ്യയും അമേരിക്കയും സിവിലിയൻ ആണവ കരാറിൽ ഒപ്പുവെച്ചത്. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ലക്ഷ്യംവയ്ക്കുന്ന കരാർ, സഊദി അറേബ്യയിൽ സമാധാന പരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ആരംഭിക്കുന്നതിന് സഹായിക്കുന്നതും കർശനമായ ആണവായുധ വ്യാപന നിയന്ത്രണ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതുമാണ്. സമാധാനപരമായ ആണവ സഹകരണവും ഉഭയകക്ഷി സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ചുള്ള രണ്ട് കരാറുകളിലാണ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സഊദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനും ഒപ്പുവെച്ചത്. മറ്റൊരു രാജ്യവുമായി ആണവ സഹകരണത്തിൽ ഏർപ്പെടുന്നതിന് യു.എസിന് ആവശ്യമായ "123 കരാർ", ട്രംപ് ഭരണകൂടത്തിന്റെ "ഉഭയകക്ഷി സുരക്ഷാ കരാർ" എന്നിവയാണ് ഇന്നലെ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ട കരാറുകൾ. കരാർ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന തന്ത്രപരവും സാമ്പത്തികവുമായ സഹകരണത്തിന് അടിത്തറയിടുമെന്ന് വാഷിങ്ടൺ വ്യക്തമാക്കി.
അന്താരാഷ്ട്ര ആണവായുധ വ്യാപന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിവിലിയൻ ആണവോർജ്ജ മേഖലയെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, കോടിക്കണക്കിന് ഡോളർ മൂല്യമുള്ള പങ്കാളിത്തത്തിനായുള്ള നിയമപരമായ ചട്ടക്കൂട് ഈ കരാറുകൾ ഒരുക്കുന്നുവെന്ന് യുഎസ് ഊർജ്ജ വകുപ്പ് അറിയിച്ചു. ഇറാനുമായുള്ള സൈനിക സംഘർഷം തുടരുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വരുന്നതെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
കരാറുകളുടെ പൂർണ്ണരൂപം പുറത്തുവിട്ടിട്ടില്ലെങ്കിലും, ആണവ സുരക്ഷയുടെയും വ്യാപന നിയന്ത്രണത്തിൻ്റെയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ ഇവ പാലിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കൻ സാങ്കേതികവിദ്യയെയും വൈദഗ്ധ്യത്തെയും ആശ്രയിച്ചായിരിക്കും ഈ പങ്കാളിത്തം മുന്നോട്ട് പോവുകയെന്നും ഇരുരാജ്യങ്ങളുടെയും ദീർഘകാല തന്ത്രപരവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ ഇത് സംരക്ഷിക്കുമെന്നും ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. "യുഎസ്-സഊദി വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സ്വന്തം രാജ്യത്ത് സമൃദ്ധിയും വിദേശത്തുള്ള സഖ്യകക്ഷികൾക്ക് സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയെയാണ് ഈ കരാറുകൾ പ്രതിഫലിപ്പിക്കുന്നത്," ക്രിസ് റൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. കരാർ പരിശോധനയ്ക്കായി യുഎസ് കോൺഗ്രസിന് സമർപ്പിക്കും. എന്നിരുന്നാലും, കോൺഗ്രസിൻ്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ വലിയ തടസ്സങ്ങളില്ലാതെ നടപടികൾ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."