ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..
മലപ്പുറം: 'നന്മയല്ലാത്തതൊന്നും ഉസ്താദിനെ കുറിച്ച് ഓർക്കാനില്ല, 13 വർഷം ആലിക്കുട്ടി ഉസ്താദിന്റെ വളയം പിടിച്ചിട്ട് ഒരു തവണ പോലും മുഖംചുളിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല'. ഇത് പറയുമ്പോൾ ചീരോത്ത് കുഞ്ഞിമുഹമ്മദെന്ന നാണിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അയാളുടെ ഓർമകൾ പിറകിലേക്ക് സഞ്ചരിച്ചു. വേർതിരിവുകളില്ലാത എല്ലാവരെയും ഒരുപോലെ കാണാനുള്ള വലിയ മനസും ഭൂമിയോളം ക്ഷമയുമുള്ള ആ മഹാനുഭാവന്റെ ജീവിതം വീണ്ടും ഓർമകളിൽ തെളിഞ്ഞു.
പ്രവാസ ജീവിതം മതിയാക്കി 2007 മുതൽ ആലിക്കുട്ടി മുസ്്ലിയാരുടെ വാഹനത്തിൻ്റെ വളയം പിടിക്കാൻ തുടങ്ങിയതാണ് കുഞ്ഞിമുഹമ്മദ്. ദീനിനും സമസ്തക്കും വേണ്ടിയുള്ള അവസാനിക്കാത്ത യാത്ര ചിലപ്പോൾ ബംഗളൂരുവിലേക്കാവും. ചിലപ്പോൾ മംഗലാപുരത്തേക്കും. യാത്രക്കിടയിൽ ചില രാത്രികൾ അവിടങ്ങളിൽ തങ്ങും. നിലത്ത് കിടക്കുന്ന തന്നെ വിളിച്ച് കട്ടിലിൽ അടുത്ത് കിടത്തുന്ന സ്‌നേഹനിധിയായ ആലിക്കുട്ടി ഉസ്താദിനെ കുറിച്ച് പറയുമ്പോൾ കണ്ഠമിടറി വാക്കുകൾ കിട്ടാതായി കുഞ്ഞിമുഹമ്മദിന്.
'ഉറങ്ങാൻ എത്ര വൈകിയാലും പുലർച്ചെ 3.30 ന് എഴുനേൽക്കും. തനിക്കൊപ്പം ചേർന്ന് തഹജ്ജുദ് നിസ്‌കരിക്കും. എവിടെപ്പോയാലും രാവിലെ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തണമെന്നതും ഉസ്താദിന് നിർബന്ധമാണ്- കുഞ്ഞിമുഹമ്മദ് പറഞ്ഞു.
പരിപാടികൾക്കിടയിലെ ദൂരത്തെയും എത്തിപ്പെടാനുള്ള സമയത്തെയും കുറിച്ച് ഇടയ്ക്ക് കുഞ്ഞിമുഹമ്മദ് പരാതിയും പറയാറുണ്ട്, ദേഷ്യപ്പെടാറുമുണ്ട്. ക്ഷമ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് പറയും. 'അത് സാരല്ല്യ, ഇജ്ജ് ചൂടുള്ള ആളല്ലേ...' രാത്രിയിലെ കാഴ്ചക്കുള്ള ബുദ്ധിമുട്ടു കാരണം 2019ൽ ഡ്രൈവർ ജോലിയിൽ നിന്നും വിടുതൽ വാങ്ങിയെങ്കിലും ആ ബന്ധം തുടർന്നിരുന്നു. ഒരിക്കൽ റബീഉൽ അവ്വലിൽ നാട്ടിലെ പരിപാടിക്കെത്തിയപ്പോൾ ഉസ്താദ് ഇങ്ങനെ പറഞ്ഞു. 'നീ ഇറങ്ങിയതിന് ശേഷം വാഹനത്തിൽ നിന്നും ഞാൻ ഉറങ്ങിയിട്ടില്ല നാണിയേ...നീ നോക്കിയ പോലെ എന്നെ ആരും നോക്കിയിട്ടില്ല.' ഓർമകൾക്കിടയിൽ 68 കാരനായ കുഞ്ഞിമുഹമ്മദ് വീണ്ടും വിതുമ്പി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."