'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'
മലപ്പുറം: അരിപ്ര സ്വദേശിയായ കക്കാട്ടിൽ ഉസ്മാൻ ഫൈസിയെ, ആ പേരുപറഞ്ഞാൽ എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ ഏവരും അറിയുന്ന മറ്റൊരു പേര് ആദ്ദേഹത്തിനുണ്ട്;'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'. കഴിഞ്ഞ എട്ട് വർഷമായി പണ്ഡിതന്മാർക്കിടയിലും സംഘടനാ ബന്ധുക്കൾക്കിടയിലുമുള്ള ആ വിളിപ്പേര് വലിയൊരു ബഹുമതിക്കപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു ഉസ്മാൻ ഫൈസിക്ക്. രാവും പകലും വ്യത്യാസമില്ലാതെ ഊണിലും ഉറക്കിലും യാത്രയിലും വിശ്രമത്തിലുമെല്ലാം ആലിക്കുട്ടി ഉസ്താദിന്റെ സന്തത സഹചാരിയായി ഉസ്മാൻ ഫൈസിയുണ്ടായിരുന്നു. ജാമിഅയിലെ പഠനകാലത്തുള്ള ഗുരു-ശിഷ്യ ബന്ധമാണ് പിന്നീട് മരണം വരെയുള്ള സന്തതസഹചാരിയിലേക്കെത്തിച്ചത്.
2016ൽ ആലിക്കുട്ടി മുസ്്ലിയാർ സമസ്തയുടെ ജനറൽ സെക്രട്ടറിയായപ്പോൾ ഉസ്താദിന്റെ സെക്രട്ടറിയായി ഉസ്മാൻ ഫൈസിക്ക് ക്ഷണമെത്തിയതാണ്. ഓണപ്പുടയിൽ സേവനത്തിലായിരുന്നതിനാൽ അന്ന് കഴിഞ്ഞിരുന്നില്ല. അവിടുത്തെ സേവനം പൂർത്തിയാക്കി 2018 മുതൽ ഉസ്താദിന്റ കൂടെ കൂടിയതാണ്. പിന്നീട് മരണം വരെ നിഴൽ പോലെ എല്ലായിടത്തും ആ പണ്ഡിതസൂര്യനെ ഉസ്മാൻ പിന്തുടർന്നു.
യോഗങ്ങളിലേക്കും സമ്മേളനങ്ങളിലേക്കും കൂടെപ്പോവുകയായിരുന്നു ആദ്യത്തെ ചുമതല. പിന്നീട് വിദേശത്തേക്കുൾപ്പെടെയുള്ള മിക്ക യാത്രകളിലും ഉസ്താദ് ഉസ്മാനെ കൂടെ കൂട്ടി. റമദാനും പെരുന്നാളിനും മറ്റു വിശേഷദിനങ്ങൾക്കൊന്നും ഫൈസി അവധിയെടുത്തില്ല. ആ ഗുരുവും ശിഷ്യനും തമ്മിൽ അത്രയേറെ ആത്മബന്ധമുണ്ടായിരുന്നു. വാർധക്യസഹജമായ അസുഖത്താൻ വിശ്രമ ജീവിതം നയിച്ചുകൊണ്ടിരുന്ന ഉസ്താദിന്റെ എല്ലാ കാര്യങ്ങളിലും കുടുംബാംഗത്തെ പോലെ ഫെസിയും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."