കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്
മലപ്പുറം:നാളികേര വികസന കോർപറേഷൻ അടക്കം കൃഷിവകുപ്പിന് കീഴിലെ 11 പൊതുമേഖലാ സ്ഥാപനങ്ങളിൽ ആറെണ്ണവും നഷ്ടത്തിൽ.
നഷ്ടം നികത്താൻ കോർപറേഷന്റെ ഗോഡൗണുകൾ വാടക്ക് നൽകിയും ബിസിനസ് സാധ്യതയുള്ള സ്ഥലങ്ങളിൽ പദ്ധതികൾ നടപ്പാക്കാനും സർക്കാർ ഒരുങ്ങുന്നു.
വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിങ് കമ്പനി,കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപറേഷൻ,കേരള അഗ്രോ മെഷിനറി,കേരള അഗ്രോ ഇൻഡസ്ട്രീസ്,കേരള അഗ്രോ ബിസിനസ് കമ്പനി എന്നിവയാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്നത്.
പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള,സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ,കേരള സ്റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്ട്‌സ് ഡെവലപ്പ്‌മെന്റ് കോർപറേഷൻ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്,സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എന്നിവ മാത്രമാണ് ലാഭത്തിലുള്ളത്.
നാളികേര വികസന കോർപറേഷന്റെ കോഴിക്കോട് എലത്തൂർ, ആറ്റിങ്ങൽ മാമം എന്നിവടങ്ങളിലെ ഗോഡൗണുകളാണ് വാടകയ്ക്ക് നൽകി നഷ്ടം നികത്തുക.
ഗൗഡൗണുകൾ വലിയ സാമ്പത്തിക ചെലവിൽ നിർമിച്ചെങ്കിലും ഉപയോഗ യോഗ്യമാക്കിയിട്ടില്ല. എറണാകുളം ഇടപ്പള്ളിയിലെ ബിസിനസ് സാധ്യതയുള്ള സ്ഥലത്ത് വരുമാനം കൂടുതലുണ്ടാക്കുന്ന പദ്ധതികൾ നടത്തുന്നതിനായി ഒരു പ്രൊജക്ട് മാനജ്‌മെന്റ് കൺസൾട്ടൻസിയെ നിയമിക്കാനുള്ള നടപടികളും തുടങ്ങി.
നിർത്തലാക്കിയ മൂല്യവർധിത ഉത്പന്നങ്ങളായ വിർജിൻ കോക്കനട്ട് ഓയിൽ,ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ, കേരജം ഹെയർ ഓയിൽ തുടങ്ങിയവ വീണ്ടും ആരംഭിച്ചും നഷ്ടം നികത്തും. താരതമ്യേന ലാഭത്തിലുള്ള വെയർഹൗസ് കോമ്പൗണ്ടുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനും നീക്കമുണ്ട്.
മതിയായ പ്രവർത്തനങ്ങൾ നടക്കാതെ കനത്ത നഷ്ടം പേറുന്ന സ്ഥാപനങ്ങൾ നിലനിൽപ്പ് ഭീഷണിയിലാണ്. ഇതോടെയാണ് വാടകക്ക് നൽകി ബാധ്യത ഒഴിവാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."