അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹരജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ആക്രമണമുണ്ടായ കേസ് അട്ടിമറിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. ഹരജിയിൽ ട്രൈബ്യൂണൽ സർക്കാരിനോട് മറുപടി തേടിയിട്ടുണ്ട്.
തന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ചാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. സംഭവം നടന്ന ദിവസങ്ങളിൽ താൻ വയനാട് ചൂരൽമലയിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളുടെ ചുമതലയിലായിരുന്നു എന്ന വാദമാണ് അദ്ദേഹം ഹരജിയിൽ ഉന്നയിച്ചത്.
സംസ്ഥാന പൊലിസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ അജിത് കുമാറിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ എഡിജിപി അനധികൃതമായി സമ്മർദ്ദം ചെലുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ.
ഈ ഇടപെടലുകൾ കേസിലെ യഥാർത്ഥ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതിനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും ഇടയാക്കിയെന്നും എസ്‌ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കേസിൽ ആദ്യം അന്വേഷണം നടത്തിയ മൂന്ന് ഡിവൈഎസ്‌പിമാർക്കും എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർക്കുമെതിരെയും വരുംദിവസങ്ങളിൽ സസ്പെൻഷൻ നടപടികൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാൻ പൊലിസ് മേധാവി എസ്‌ഐടിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
the kerala administrative tribunal has dismissed a petition filed by ips officer m. r. ajit kumar seeking a stay on his suspension, dealing a legal blow to the officer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."