ദേശമംഗലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഇടത് മുന്നണിക്ക് വിജയം
ദേശമംഗലം: അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലിരിക്കുന്ന ദേശമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വന്‍ വിജയം.
13 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് യു.ആര്‍ പ്രദീപ് എം.എല്‍.എ അടക്കമുള്ള 13 ഇടത് സ്ഥാനാര്‍ഥികളും വിജയം നേടി.
കെ.സി മണികണ്ഠന്‍, സുദര്‍ശനന്‍, വിപിന്‍ ലാല്‍, ഒ.പി ആനന്ദന്‍, വി.ഐ അബ്ദുള്ളക്കുട്ടി, വി. ഗംഗാധരന്‍,സക്കീര്‍ ഹുസൈന്‍, കെ.കെ സുരേഷ് ബാബു, ജി. ഹരിദാസ്, സി.പ്രേമലത, ടി. സുലോചന, കെ. റോജ, യു.ആര്‍ പ്രദീപ് എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.
ഇന്നലെ കാലത്ത് 9 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ ദേശമംഗലം സ്‌കൂളില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 2014ല്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ നിലനിന്നിരുന്ന വോട്ടര്‍ പട്ടികയും സ്ഥാനാര്‍ഥി പട്ടികയും ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.
ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2014ല്‍ ബാങ്ക് പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ വിധി ഉണ്ടായത്.
2014 സെപ്റ്റംബര്‍ 13നാണ് ബാങ്കില്‍ ഇതിന് മുന്‍പ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 13 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇടത് മുന്നണി യു.ആര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ 13 പേരും യു.ഡി.എഫ് ഷാജി പള്ളത്തിന്റെ നേതൃത്വത്തില്‍ 11 പേരുമാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത്.
എന്നാല്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് നടന്നതായും ഭരണ സമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയതായും ആരോപിച്ച് യു.ഡി.എഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് സെപ്റ്റംബര്‍ 11ന് സഹകരണ വകുപ്പ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെല്ലാം നിര്‍ത്തി വെച്ച് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഇതിനെതിരെയാണ് യു.ആര്‍ പ്രദീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രദീപും സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു.
പട്ടികജാതി സംവരണ സീറ്റിലാണ് എം.എല്‍.എ സ്വന്തം തട്ടകത്തിലെ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് മത്സരിച്ചത്. 12,740 വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത് ഇതില്‍ 2500 ഓളം വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്.
പുതിയ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ ഇന്ന് കാലത്ത് സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേല്‍ക്കും. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ദേശമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി. കെ.കെ മുരളീധരന്‍, കെ.എസ് ദിലീപ്, വിപിന്‍ദാസ്, എം.സുകുമാരന്‍, ബേബീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."