ഇല്ലായ്മയുടെ നിറവില്‍ കുട്ടമ്പുഴയിലെ ഈറ്റവെട്ട് തൊഴിലാളികളുടെ ഓണാഘോഷം
കോതമംഗലം: ഇല്ലായ്മയുടെ നിറവിലായിരുന്നു കുട്ടമ്പുഴയിലെ ഈറ്റവെട്ട് തൊഴിലാളികളുടെ ഈ വര്‍ഷ ത്തെ ഓണാഘോഷങ്ങള്‍. കൂട്ടമ്പുഴയിലെ നൂറോളം ആദിവാസി കുടുംബങ്ങളാണ് ഓണം ഇല്ലായ്മയുടെ അകമ്പടിയോടെ ആഘോഷിച്ചത്.
വന്യ ജീവികളുടെ ആക്രമണ ഭീഷണിയും കടുത്ത മഴയും അവഗണിച്ച് ജീവന്‍ പണയപ്പെടുത്തിയാണ് ആദിവാസികള്‍ ഈറ്റവെട്ട് തൊഴിലിലേര്‍പ്പെടുന്നത്. വളരെ തുച്ഛമായ വേതനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കൊടുംകാട്ടില്‍ കയറി ഈറ്റ ചെത്തിയൊരുക്കി ഒരു പനമ്പ് നെയ്ത് പൂര്‍ത്തിയാക്കിയാല്‍ കിട്ടുന്നത് വെറും 44 രൂപാ മാത്രമാണ്. ഇതിന് പുറമെ പ്രതിദിനം 129 രൂപാ വീതം സര്‍ക്കാര്‍ ഈറ്റവെട്ട് തൊഴിലാളികള്‍ക്ക് അലവന്‍സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇത് ലഭിച്ചിട്ട്. പിണവൂര്‍ കുടിയില്‍ ഈ വര്‍ഷം ഈറ്റവെട്ട് നിര്‍ത്തിവച്ചതിനാല്‍ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ അരപട്ടിണിയിലായിരുന്നു.
തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിണവൂര്‍ കുടിയിലെ ഈറ്റവെട്ട് തൊഴിലാളികള്‍ പിണവൂര്‍ കുടി ബാംബു കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ ഓണത്തിന് മുന്‍പ് ധര്‍ണയും നടത്തി. മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെയാണ് നിറച്ചുണ്ണാന്‍ കഴിയാതെ ഈറ്റവെട്ട് തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."