സ്‌കൂള്‍ പ്രവൃത്തിസമയം ആറു മണിക്കൂറില്‍ കവിയാന്‍ പാടില്ല: ബാലാവകാശ കമ്മിഷന്‍
തൃശൂര്‍: സ്‌കൂളുകളിലെ പ്രവൃത്തിസമയം ഒരു മണിക്കൂര്‍ ഇടവേളയടക്കം ആറു മണിക്കൂര്‍ കവിയാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
തൃശൂര്‍ ജില്ലയിലെ പടിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂളിന്റെ പ്രവൃത്തിസമയം രണ്ടു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതിനെതിരേ അഴിക്കോട് സ്വദേശിയായ പി.എന്‍ അന്‍വര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ ഉപവിദ്യാഭ്യാസ ഡയറക്ടറോടും ഹെഡ്മാസ്റ്ററോടും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയടക്കം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.15 വരെ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ സ്‌കൂളില്‍ ചെലവഴിക്കുന്നത് കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്ചൂണ്ടിക്കാട്ടിയാണ് രക്ഷിതാവ് ബാലാവകാശ കമ്മിഷന്‍ മുന്‍പാകെ പരാതി നല്‍കിയത്.
രക്ഷിതാവിന്റെ ആശങ്കയില്‍ വസ്തുതയുണ്ടെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സാധാരണ സ്‌കൂള്‍ വിഷയം ആണെങ്കിലും മതപഠനമാണെങ്കിലും ആറ് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. മതപഠനത്തിന് സ്‌കൂള്‍ പ്രവൃത്തിക്കാത്ത ദിവസം ഉപയോഗിക്കാം.
എന്നാല്‍, അത് നിര്‍ബന്ധമില്ലെന്നും ആവശ്യമുള്ളവര്‍ മാത്രം സ്‌കൂളില്‍ എത്തിയാല്‍ മതിയെന്ന് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നുണ്ട്.
രക്ഷിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കിലും മതപഠനത്തിനായി പ്രവൃത്തിദിവസങ്ങളില്‍ കൂടുതല്‍ സമയം ഉപയോഗിക്കരുതെന്നും കമ്മിഷന്റെ ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."