നിലവിളക്ക് കൊളുത്തല്‍: സി.പി.എമ്മിനെ വിമര്‍ശിച്ചും സുധാകരനെ പിന്തുണച്ചും കെ.ഇ.എന്‍
കോഴിക്കോട്: നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ് രംഗത്ത്.
വിവാദത്തില്‍ അഭിപ്രായംപറയാതെ മൗനം അവലംബിച്ചതിനാണ് സി.പി.എമ്മിനെ കെ.ഇ.എന്‍ പരോക്ഷമായി വിമര്‍ശിച്ചത്. നിലവിളക്കിനെ മതചടങ്ങായി മാത്രം കാണാനാവില്ലെന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും കെ.ഇ.എന്‍ വിമര്‍ശിച്ചു. അതേസമയം, മതേതര പരിപാടിയില്‍ നിലവിളക്ക് ഒഴിവാക്കണമെന്നുപറഞ്ഞ മന്ത്രി ജി. സുധാകരനെ കെ.ഇ.എന്‍ അനുകൂലിച്ചു.
ഒരു ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് കെ.ഇ.എന്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത്. നിലവിളക്കു കത്തിക്കുന്നവര്‍ക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യാനും കത്തിക്കാത്തവര്‍ക്ക് കത്തിക്കാതെ 'ഉദ്ഘാടനം ചെയ്യുന്നു' എന്നുപറഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. നിലവിളക്കു കൊളുത്തിയില്ലെങ്കില്‍ മതേതരത്വം മോഹാലസ്യപ്പെട്ട് വീഴും എന്നതരത്തിലുള്ള നാടുവാഴിത്ത തമാശകള്‍ ഈ ആധുനിക കാലത്ത് മതേതരവാദികള്‍ ആവര്‍ത്തിക്കരുത്. വിളക്കിന് അനുകൂലമായി സിന്ദാബാദ് വിളികള്‍ കേള്‍ക്കുമ്പോള്‍ ആവേശഭരിതമാവുകയും അതിനെതിരേ മൂര്‍ദാബാദ് വിളികളുയരുമ്പോള്‍ പ്രകോപിതരാവുകയും ചെയ്യേണ്ട കാര്യമില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ചപ്പോള്‍ കോഴിക്കോട്ട് നിലവിളക്കു കത്തിച്ച് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐയുടെ നിലപാടിനെയും കെ.ഇ.എന്‍ വിമര്‍ശിക്കുന്നുണ്ട്.
നിലവിളക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണെന്ന വാദത്തെയും കെ.ഇ.എന്‍ എതിര്‍ക്കുന്നു. കലപ്പ, അരിവാള്‍, കൊടുവാള്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ക്കൊന്നുമില്ലാത്ത എന്ത് കാര്‍ഷികതയാണ് വിളക്കിനുള്ളതെന്നും കെ.ഇ.എന്‍ ചോദിക്കുന്നു.
സര്‍ക്കാര്‍ ചടങ്ങുകള്‍ നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നതിനെയും അദ്ദേഹം എതിര്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ പരിപാടികളും മറ്റു പൊതുപരിപാടികളും ഉദ്ഘാടനം ചെയ്യണമെങ്കില്‍ നിലവിളക്കു കൊളുത്തണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഇതിനെ അനുകരിച്ച് ചെറുകിട പരിപാടികളിലും നിലവിളക്കു കൊളുത്തുക പതിവായി.
നിലവിളക്കു കത്തിക്കുന്നവര്‍ സെക്കുലറിസ്റ്റ് ദേശസ്‌നേഹികളും കത്തിക്കാത്തവര്‍ മതഭ്രാന്ത ദേശദ്രോഹികളുമാണെന്ന കാഴ്ചപ്പാട് അലസമായി കാണാനാവില്ല. മതേതര പരിപാടിയില്‍ വിളക്കു കൊളുത്തേെണ്ടന്ന നിലപാട് എടുത്ത ജി. സുധാകരന്റെ അഭിപ്രായത്തെ ധീരമെന്ന് വിശേഷിപ്പിച്ച കെ.ഇ.എന്‍, വിളക്കുകൊളുത്താത്ത കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച ഇ.എം.എസിന്റെ വാക്കുകള്‍ ലേഖനത്തില്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."