ഒരു കുടുംബത്തിന് ഇരട്ടസ്സങ്കടം
കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയിലുണ്ടായ ദുരന്തം കോതോട് ഗ്രാമത്തിലെ ഒരു കുടുംബത്തിന് സമ്മാനിച്ചത് ഇരട്ടസ്സങ്കടം. സഹോദരങ്ങളായ കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകനായ ഷിജിനിന്റെ മരണവും രാജന്റെ മകനായ വിഷ്ണുവിനെ കാണാതായതുമാണ് ഈ കുടുംബത്തെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തുന്നത്. തിരച്ചലില്‍ കണ്ടെടുത്ത ഷിജിനിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. എന്നാല്‍ രാജന്റെ മകന് വിഷ്ണുവിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ജ്യേഷ്ഠാനുജന്മാരുടെ മക്കളാണെങ്കിലും ഉറ്റസുഹൃത്തുകള്‍ കൂടിയായിരുന്നു ഇരുവരും. വിഷ്ണുവിന്റെ സഹോദരന് ജിഷ്ണുവും കളിക്കാനിറങ്ങിയ സംഘത്തിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി സ്വകാര്യ കോളജില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ഷിജിന് ഒഴിവ് വേളകളില്‍ കൂലിപ്പണിക്കും പോയിരുന്നു.
സ്വന്തമായ ഒരുവീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കഴിയാതെയാണ് ഷിജിന് വിടപറഞ്ഞത്. ഇവരുടെ വീടുപണി ഇപ്പോഴും പാതിവഴിലിയിലാണ്. രണ്ടാഴ്ച മുന്‍പാണ് ഷിജിനിന്റെ വീടിന്റെ പ്രധാനവാര്പ്പ് കഴിഞ്ഞത്. ഇതിന് ഉപയോഗിച്ച തൂണുകളൊന്നും മാറ്റിയിരുന്നില്ല. പണിതീരാത്ത വീടിന്റെ ഉമ്മറത്ത് ഷിജിനിന്റെ ചേതനയറ്റ ശരീരം കിടത്തിയപ്പോള്‍ കണ്ടു നില്ക്കാനാവാതെ ജനം വിങ്ങിപ്പൊട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."