പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്കു ഫാക്സയച്ചു
നീലേശ്വരം: പരപ്പ വില്ലേജിലെ ബിരിക്കുളത്തും പരിസര പ്രദേശങ്ങളിലും പതിച്ചു നല്കിയ ഭൂരേഖകളിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നും അനധികൃത ഭൂമി ഇടപാടും കൈയേറ്റവും കണ്ടെത്തണമെന്നും കാണിച്ച് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ക്കു ഫാക്സ് സന്ദേശമയച്ചു. ഇതു സംബന്ധിച്ച സുപ്രഭാതം വാര്‍ത്തയെത്തുടര്‍ന്നായിരുന്നു നടപടി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ഭൂമി പതിച്ചു നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു പഞ്ചായത്തു ഭരണസമിതി യോഗം ചേര്‍ന്നാണ് ഇക്കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചത്. വികസന കാര്യങ്ങള്‍ക്കായി നീക്കിവച്ച കരിന്തളം വില്ലേജിലെ ഭൂമി പതിച്ചു നല്കരുതെന്നു കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പരപ്പ വില്ലേജിലെ സര്‍വേ നമ്പര്‍ 155 ല്‍ പെടുന്ന പ്രദേശത്താണു ഭൂരേഖകളില് ആശയക്കുഴപ്പമുള്ളത്. ഇവിടെ ഒരേ ഭൂമി തന്നെ പല വ്യക്തികള്‍ക്കായി പതിച്ചു നല്കിയ സ്ഥിതിയുമുണ്ട്. പത്തുവര്‍ഷത്തിനിടയില്‍ വ്യാപകമായി അനധികൃത ഭൂമി ഇടപാടു നടന്നതായും ആക്ഷേപമുണ്ട്. അതോടൊപ്പം സ്വാധീനമുപയോഗിച്ചു പലരും റവന്യൂ ഭൂമി കൈയേറിയിട്ടുമുണ്ട്. പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."