35.2 കോടിയുടെ വാര്‍ഷിക പദ്ധതി
കണ്ണൂര്‍: കോര്‍പറേഷന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടുകള്‍ക്കു 35.2 കോടി രൂപയുടെ കൗണ്‍സില്‍ അംഗീകാരം. റോഡു വികസനത്തിനു 17.72 കോടി രൂപ തുക വകയിരുത്തി.
കോര്‍പറേഷന്‍ ഓഫിസിന്റെ പൊതുഭരണത്തിനായി 91,03,017 രൂപയും കൃഷി അനുബന്ധ മേഖലകള്‍ക്കായി 35,57,000 രൂപയുടെയും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 15,50,000 രൂപയുടെയും അംഗീകാരമായി. ചെറുകിട വ്യവസായങ്ങള്‍ക്കായി 50 ലക്ഷത്തിന്റെയും മത്സ്യമേഖലയ്ക്കായി 9,75,000 രൂപയുടെയും ദാരിദ്ര്യ ലഘൂകരണത്തിന് 60,60,000 രൂപയുടെയും പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. ഈമാസം 30ന് മുമ്പായി കലക്ടര്‍ അധ്യക്ഷനായുള്ള ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കണം. ഇതിനു സാധിച്ചില്ലെങ്കില്‍ പദ്ധതികള്‍ക്ക് 10 ശതമാനം ഫണ്ട് നഷ്ടമാകുമെന്ന് മേയര്‍ ഇ.പി ലത അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ യോഗം ചേര്‍ന്നത്. കമ്മിറ്റികള്‍ ചേര്‍ന്ന് കൗണ്‍സില്‍ യോഗത്തിലേക്കു ശുപാര്‍ശ ചെയ്ത ലിസ്റ്റുകള്‍ തയാറാക്കിയിരുന്നു. എന്നാല്‍ കൗണ്‍സില്‍ അംഗീകരിച്ച പദ്ധതികളില്‍ ആശങ്കകളുണ്ടെന്നും അത് ദൂരീകരിക്കണമെന്നും നല്‍കിയ ലിസ്റ്റല്ല യോഗത്തില്‍ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ സി ഷമീര്‍ ആരോപിച്ചു. മാനദണ്ഡങ്ങള്‍ മറികടന്നാണ് തീരുമാനം വന്നതെന്നും ഒരാഴ്ചക്കകം വിട്ടുപോയവ കൂട്ടിച്ചേര്‍ക്കാനുള്ള അവസരമൊരുക്കണമെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ പറഞ്ഞു. റീടാറിങ്ങിനാണ് റോഡുകളുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കിയതെന്നും തെരുവു വിളക്കിന്റെ കാര്യത്തില്‍ പുതിയ ലൈന്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പറഞ്ഞു. ഒക്ടോര്‍ബറോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ഫെബ്രുവരിയോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഷിക പദ്ധതി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജെമിനി അവതരിപ്പിച്ചു. എം.പി മുഹമ്മദലി, സി എറമുള്ളാന്‍, എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, കെ. പി.എ സലാം, പി ഇന്ദിര, എം.പി ഭാസ്‌കരന്‍, സി സീനത്ത്, അഡ്വ.ലിഷ ദീപക്, സുമാ ബാലകൃഷ്ണന്‍, പ്രീത, സഹദേവന്‍, ഷാഹിനാ മൊയ്തീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."