വൈഫൈ രഹസ്യകോഡ് ചോര്‍ത്താന്‍ വിദ്യാര്‍ഥികള്‍; സ്ഥാപനങ്ങള്‍ക്കു തലവേദന
അരീക്കോട്: ബാങ്കുകള്‍ക്കും അക്ഷയ സെന്ററുകള്‍ക്കും തലവേദന സൃഷ്ടിച്ച് അരീക്കോട് വൈഫൈ പാസ് വേര്‍ഡ് ചോര്‍ത്തല്‍ വ്യാപകമാവുന്നു. മുക്കം റോഡിലെ എസ്.ബി.ടി ബാങ്ക്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്റര്‍ നെറ്റ് കഫേ, കച്ചവട സമുച്ചയങ്ങള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ വൈഫൈ കണക്ഷനുകളിലെ പാസ്‌വേര്‍ഡുകളാണു വ്യാപകമായി ചോര്‍ത്തുന്നത്.
മൂന്ന് മാസം മുമ്പ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വേഗത കുറഞ്ഞതോടെയാണു ബാങ്ക് അധികൃതരും അക്ഷയ സെന്റര്‍ നടത്തുന്നവരും പരാതിയുമായി ബി.എസ്.എന്‍.എല്‍ അധികൃതരെ സമീപിച്ചത്. എന്നാല്‍ അനുവദിക്കപ്പെട്ട ഡാറ്റ തീര്‍ന്നതാണു വേഗത കുറയാന്‍ കാരണമെന്നായിരുന്നു മറുപടി. ഇന്റര്‍ നെറ്റ് സംവിധാനം താറുമാറായതോടെ ബാങ്കുകളുടെയും അക്ഷയ സെന്ററുകളുടെയും പ്രവര്‍ത്തനം താളം തെറ്റി.
ഉപയോഗത്തിനുസരിച്ചു ബില്‍ അടക്കേണ്ടവര്‍ക്കു ഭീമമായ സംഖ്യ അടക്കേണ്ടി വന്നതോടെ വീണ്ടും ബി എസ് എന്‍ എല്‍ ഓഫിസില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. തുടര്‍ന്നാണു വിദ്യാര്‍ഥികളിലേക്ക് സംശയം നീണ്ടത്. ഇതിനു ശേഷം അരീക്കോട് മുക്കം റോഡില്‍ മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായ വിദ്യാര്‍ഥികളെ നീരിക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണു വിദ്യാര്‍ഥികള്‍ വ്യാപകമായി പല സ്ഥാപനങ്ങളുടെയും വൈഫൈ കണക്ഷന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു തുറക്കുന്നതു മനസിലായത്.
വൈഫൈ കണക്ഷനുകള്‍ ലോക്ക് ചെയ്തിരിക്കുന്ന രഹസ്യ കോഡുകള്‍ കൈക്കലാക്കുന്ന വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക കൂടി ചെയ്യുന്നതോടെ വലിയ പ്രയാസമാണു ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്നത്.
വൈഫൈ കണക്ഷന്‍ മോഷ്ടിച്ചു വിദ്യാര്‍ഥികള്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതായും വിവിധ സ്ഥാപനാധികാരികള്‍ പറയുന്നു. വൈഫൈ ചോര്‍ത്തല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ അരീക്കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."