കുടിവെള്ളം വിതരണം ചെയ്തില്ല; ആദിവാസികള്‍ കലക്ടറെ തടഞ്ഞുവച്ചു
ഗൂഡല്ലൂര്‍: കൃത്യമായി കുടിവെള്ളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടറെ തടഞ്ഞുവച്ചു. കോത്തഗിരി പഞ്ചായത്തിലെ കോടനാട്-കെരടമട്ടം ഗ്രാമവാസികളാണ് കലക്ടറെ തടഞ്ഞത്. കോത്തഗിരിയില്‍ പുതിയ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കലക്ടര്‍ പി. ശങ്കര്‍, കെ.ആര് അര്ജുനന് എം.പി, കുന്നൂര് എം.എല്‍.എ ശാന്തിരാമു എന്നിവരെയാണ് ഗ്രാമത്തിലെ നൂറോളം ആദിവാസികള്‍ തടഞ്ഞുവച്ചത്.
500 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന രണ്ടു കിണറുകളും വറ്റിയിരിക്കുകയാണ്. ആവശ്യത്തിനു മഴയും ലഭിക്കാത്തതിനാല്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് ഇവര്‍ അനുഭവിക്കുന്നത്. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിരവധി പ്രാവശ്യം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഉപ്പാട ഗ്രാമത്തില്‍ നിന്ന് പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."