തെരുവുവിളക്കുകള്‍ കണ്ണടച്ചു; വിളക്കുകാലില്‍ സൂര്യറാന്തല്‍ കെട്ടി പ്രതിഷേധം
വിദ്യാനഗര്‍: കത്താതെ കിടക്കുന്ന തെരുവു വിളക്കുകള്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ചു വിളക്കുകാലില്‍ സൂര്യറാന്തല്‍ കെട്ടി യുവാക്കളുടെ പ്രതിഷേധം. പടുവടുക്കം വോയിസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരാണു വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
കലക്ടറേറ്റിനു മുന്നിലെ റോഡിലും പരിസര പ്രദേശങ്ങളിലെ റോഡിലും ഏറെ കാലമായി തെരുവുവിളക്കുകള്‍ കത്തുന്നില്ല. ജില്ലാ പഞ്ചായത്ത്, കോടതി, കലക്ടറേറ്റിന്റെ മുന്‍വശം എന്നിവിടങ്ങളിലെ തെരുവുവിളക്കുകളാണു കത്താതെ നോക്കുകുത്തിയായി നില്‍ക്കുന്നത്. റോഡരികില്‍ കാടു പടര്‍ന്നു തുടങ്ങിയതോടെ ഇഴജന്തുക്കളും ഭീതി ഉയര്‍ത്തുന്നു. നഗരസഭാ സ്റ്റേഡിയം റോഡിലും പരിസരത്തും രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക്ക് ചാക്കുകളില്‍ മാലിന്യം നിറച്ചു തള്ളുന്നതും പതിവാണ്. തെരുവുവിളക്കുകള്‍ കണ്ണടച്ചതു മാലിന്യം തള്ളുന്നവര്‍ക്കു ഗുണമായി.
പടുവടുക്കം കവലയില്‍ രണ്ടു മാസം മുമ്പ് സ്ഥാപിച്ച വിളക്കുകള്‍ക്ക് ഇതുവരെ വൈദ്യുത കണക്ഷന്‍ നല്‍കിയില്ല. സമീപത്തെ പള്ളിയിലും മദ്‌റസയിലും പുലര്‍ച്ചയ്ക്കും രാത്രിയിലും നിസ്‌കാരത്തിനും പഠനത്തിനുമായി എത്തുന്നവര്‍ക്കും തെരുവുവിളക്കുകള്‍ കത്താത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിച്ചു വരുകയാണെന്നും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം പറഞ്ഞു.
തെരുവു വിളക്കുകളും നിരീക്ഷണകാമറകളും സ്ഥാപിച്ച് മാലിന്യം തള്ളല്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് വോയിസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. എന്‍.എം നാസര്‍ അധ്യക്ഷനായി. അബ്ദുല്‍ റഹീം ബേനൂര്‍, ഷാഹുല്‍ ഹമീദ്, സിദ്ധീക്ക്, ഹമീദ് പടുവടുക്ക, സത്താര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഫഹദ് ഗ്യാലക്‌സി (പ്രസിഡന്റ്), എന്‍.എം നാസര്‍ (വൈസ് പ്രസിഡന്റ്), അബ്ദുല്‍ നാസര്‍ (സെക്രട്ടറി), മഷ്ഹൂദ് അഹമ്മദ് (ജോയിന്റ് സെക്രട്ടറി), നവാസ് മാഹിനഗര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."