ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ബാങ്കുകളില്‍ ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു
മുക്കം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം 30ന് അവസാനിക്കാനിരിക്കേ ബാങ്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് നല്കുന്നതു നിര്‍ത്തിവച്ചത് പ്രതിഷേധത്തിനിടയാക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ വട്ടംകറങ്ങുന്നത്.
സ്കോളര്‍ഷിപ്പിനായി ദേശസാല്‍കൃത ബാങ്കുകളിലോ ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ആണ് അക്കൗണ്ട് എടുക്കേണ്ടത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് മാത്രമേ ഉള്ളൂ.
എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്നു പറഞ്ഞ് ഇവിടെ അക്കൗണ്ട് എടുക്കാനെത്തുന്നവരെ തിരിച്ചയക്കുകയാണ്. 500ഓളം അപേക്ഷകള്‍ ഇപ്പോള്‍ കിട്ടിയിട്ടുണ്ടെന്നും ഇതുതന്നെ ഈ മാസം 30നകം നല്‍കാനാവശ്യമായ ജീവനക്കാരില്ലെന്നുമാണ് ബാങ്കധികൃതര്‍ പറയുന്നത്. മുക്കത്തും മാവൂരുമൊക്കെ പോയി അക്കൗണ്ട് എടുക്കേണ്ട ഗതികേടിലാണു രക്ഷിതാക്കള്‍. അതേസമയം, ഇങ്ങനെ വരുന്നവരോട് അതതു പരിധിയിലുള്ള ബാങ്കില്‍ നിന്നു തന്നെ അക്കൗണ്ട് എടുക്കാന്‍ പറഞ്ഞ് മറ്റു ബാങ്കുകള്‍ തിരിച്ചയക്കുന്നതായും ആക്ഷേപമുണ്ട്. ഇതോടെ, സ്കോളര്‍ഷിപ്പിനുള്ള അപേക്ഷയുടെ അവസാന തിയതി മാറ്റിയില്ലങ്കില്‍ അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യത ഇല്ലാതാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."