സ്‌നേഹവും കാരുണ്യവും മുസ്‌ലിം ലീഗിന്റെ മുഖമുദ്ര: ഹൈദരലി തങ്ങള്‍
പറവൂര്‍: സ്‌നേഹവും കാരുണ്യവുമാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയമല്ല. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണ് ലീഗ് കാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് കെ.എം.സി.സിയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നടപ്പാക്കുന്ന പ്രത്യേക കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരില്‍ നിര്‍ധന പ്രവാസിക്ക് അനുവദിച്ച വീടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി മനുഷ്യര്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നവര്‍ക്ക് താല്‍ക്കാലിക നേട്ടങ്ങളേ ഉണ്ടാക്കാന്‍ കഴിയൂ. ശാശ്വത വിജയം സ്‌നേഹത്തിനും കാരുണ്യത്തിനുമാണ് തങ്ങള്‍ ഓര്‍മിപ്പിച്ചു. ബൈത്തുറഹ്മയ്ക്ക് പുറമേ നാല്‍പത് നിര്‍ധന യുവതികളുടെ വിവാഹം, ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, സി.എച്ച് സെന്റര്‍, ഡയാലിസിസ് സെന്റര്‍ എന്നിവയ്ക്കുള്ള സഹായവും നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുമെന്ന് കുവൈറ്റ് കെ.എം.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട് സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി.
കെ.എം.സി.സി പ്രസിഡന്റ് കെ.ടി.പി അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കെ.എം.സി.സി നേതാക്കളായ ശറഫുദ്ദീന്‍ കണ്ണേത്ത്, ബഷീര്‍ ബാത്ത, എം.ആര്‍ നാസര്‍, മുഹമ്മദ് കോയ പെരുമ്പാവൂര്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി പോള്‍സന്‍, വാര്‍ഡ് അംഗങ്ങളായ മായാ മധു, എം.എസ് സജീവ്, മുസ്‌ലിംലീഗ് നേതാക്കളായ വി.എം കാസിം, ടി.കെ ഇസ്മായില്‍, കെ.എ അബ്ദുള്‍ കരിം, എം.കെ ലത്തീഫ്, കെ.കെ അബ്ദുല്ല, പി.പി കുഞ്ഞുമോന്‍, അന്‍വര്‍ കൈതാരം, ടി.എച്ച് അബ്ദുല്‍ കരിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."