ദാറുല്‍ ഹുദയും ബ്രൂണെ ഇസ്ലാമിക് വാഴ്സിറ്റിയും സഹകരണത്തിനു ധാരണ
ബന്ദര്സേരി ബഗവാന്‍ (ബ്രൂണെ): ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ബ്രൂണെയിലെ ഉന്നത ഇസ്ലാമിക സര്‍വകലാശാലയായ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റിയും (യുനിസ) തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. യുനിസ കാംപസില്‍ വച്ചു നടന്ന ഔപചാരിക ചടങ്ങില്‍ സുല്‍ത്താന്‍ ശരീഫ് അലി യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. നൂര്‍ ഇര്ഫാന് ബിന്‍ ഹാജി സൈനലും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
തെക്കുകിഴക്കനേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ പരമോന്നത ഇസ്ലാമിക കലാശാലയായ സുല്‍ത്താന്‍ ശരീഫ് അലി യൂനിവേഴ്സിറ്റി ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി പരസ്പര സഹകരണത്തിനു കൈകോര്‍ക്കുന്നത്. അക്കാദമിക ധാരണപ്രകാരം അധ്യാപക, വിദ്യാര്‍ഥി കൈമാറ്റത്തിലും ഗവേഷണ രംഗത്തും ഇരു സര്‍വകലാശാലകളും സഹകരിച്ചു പ്രവര്‍ത്തിക്കും.
ഇസ്ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന് ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയില്‍ നേരത്തെതന്നെ ദാറുല്‍ ഹുദാ സര്‍വകലാശാലക്ക് അംഗത്വമുണ്ട് . ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ, അല്‍-അസ്ഹര്‍ ഈജിപ്ത്, സൈത്തൂന തുനീഷ്യ, ജാമിഅ മില്ലിയ്യ, അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഉള്‍പ്പെടെ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സര്‍വകലാശാലകളുമായും ദാറുല്‍ഹുദ നിലവില്‍ സഹകരിക്കുന്നുണ്ട്.
ചടങ്ങില്‍ യുനിസയെ പ്രതിനിധീകരിച്ചു റെക്ടര്‍ ഡോ. നൂര്‍ ഇര്ഫാന് ബിന്‍ ഹാജി സൈനല്‍, ഡെപ്യൂട്ടി റെക്ടര്‍ ഡോ. മുഹമ്മദ് ഹുസൈന് ബിന്‍ ഫഹീന്‍, ഡോ. അര്മാന് ബിന്‍ ഹാജ് അസ്മദ്, ഹാജി സംഅലി ബിന്‍ ആദം എന്നിവരും ദാറുല്‍ ഹുദായെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, അബ്ദുല്‍ മജീദ് നാരക്കാട്ട്, മുശര്‍റഫ് കണ്ണിയന്‍, ടി.എം വഹാബുദ്ദീന്‍, മുഹമ്മദ് ശമീം പള്ളിപ്പുറം, കെ.എം ബശീര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."