'ഇതര സംസ്ഥാന തൊഴിലാളികളെ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും'
മലപ്പുറം: അനൗപചാരിക വിദ്യാഭ്യാസം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കു തുടക്കം കുറിച്ചതായും സംസ്ഥാന സാക്ഷരത മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ: പി.എസ് ശ്രീകല. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നവരോ സ്‌കൂളിന്റെ തിരുമുറ്റം കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയവരോ ആയ ഭിന്നലിംഗക്കാരേയും അന്യസംസ്ഥാന തോഴിലാളികളേയും തുല്യത പഠന രംഗത്തേക്ക് എത്തിക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. 10,000ത്തില്‍ പരം ഭിന്നലിംഗക്കാരാണ് സംസ്ഥാനത്തുള്ളതെന്നാണു കണക്ക്. വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവരും മുഴുവനാക്കാന്‍ കഴിയാത്തവരേയും കണ്ടെത്തി ഇവരെ തുല്യത പഠനത്തിന്റെ ഭാഗമാക്കും. ഇതര സംസ്ഥാന തൊഴിലാളികളേയും പദ്ധതിയൊടൊപ്പം ചേര്‍ക്കുന്നുണ്ട്. ഇവര്‍ക്കായി ഹിന്ദിയിലും ക്ലാസുകള്‍ നല്‍കും. തുല്യത പഠനത്തോടൊപ്പം പരിസ്ഥിതി, ആരോഗ്യം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവ കൂടിച്ചേര്‍ത്ത് അക്കാദമിക്ക് രംഗത്ത് പരിഷ്‌കരണം നടത്തും.
പ്രേരക്മാരുടെ ഓണറേറിയം നൂറുശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സംസ്ഥാനത്തു തന്നെ മലപ്പുറം അനൗപചാരിക വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നതെന്നും ഏറ്റവും കൂടുതല്‍ തുല്യത പഠിതാക്കളുള്ള മലപ്പുറം വിദ്യാഭ്യാസ രംഗത്ത് കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."