അരീക്കോട് ട്രാഫിക് പരിഷ്‌കരണം; തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍
അരീക്കോട്: ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി ഇന്നലെ അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ വിളിച്ച് ചേര്‍ത്ത യോഗം ഒരാഴ്ച്ചക്കുള്ളില്‍ ആവശ്യമായ രീതി തിരഞ്ഞെടുക്കാമെന്ന തീരുമാനത്തില്‍ പിരിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന യോഗമാണ് ട്രാഫിക് പരിഷ്‌കരണം പഠന വിദേയമാക്കിയതിന് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമെടുക്കാമെന്ന ധാരണയിലെത്തിയത്. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഈ മാസം 26 വരെ പൊതുജനാഭിപ്രായം സ്വീകരിക്കും. അതിന് ശേഷം വീണ്ടും യോഗം ചേര്‍ന്ന് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചതിന് ശേഷം അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതുതായി നിര്‍മിച്ച ബസ്റ്റാന്റ് പരിസരത്ത് ഓട്ടോ പാര്‍ക്കിംഗ് അനുവദിക്കുക, സ്റ്റേഷന്‍ പരിസരത്തെ തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യുക, മുക്കം മഞ്ചേരി കൊണ്ടോട്ടി ഭാഗങ്ങളിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ടൗണില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് മാറ്റി സ്ഥാപിക്കുക, നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ ഉദ്ഘാടനം ചെയ്തു. എ ഡബ്ലിയു അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എസ് ഐ കെ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ സി അബ്ദുറഹിമാന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ എ ശീന, പി പി സുഹൈര്‍, ഉമര്‍ വെള്ളേരി, എം പി സിദ്ധീഖ്, ശിഹാബ് പാറക്കല്‍, എം പി രമ, രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് കെ ടി അഷ്‌റഫ്, അബ്ദുല്‍ കരീം, കണ്ടേങ്ങല്‍ അബ്ദുറഹിമാന്‍, ഗോകുലം ബാബു എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."