മത്സ്യബന്ധനത്തിന് ഇനി നീലബോട്ടുകള്‍
മടക്കര: മത്സ്യബന്ധന ബോട്ടുകളുടെ നിറം മാറ്റം പൂര്‍ത്തിയാകുന്നു. തീരസുരക്ഷയുടെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലുള്ള ബോട്ടുകള്‍ക്ക് പ്രത്യേക നിറങ്ങള്‍ നിര്‍ദേശിച്ചത്.
കേരളത്തിലെ ബോട്ടുകള്‍ക്ക് പുറംഭാഗത്ത് (ഹള്‍) കടുംനീലയും ഉള്ളില്‍ (വീല്‍ ഹൗസ്) ഓറഞ്ചുമാണ് നിര്‍ദേശിച്ച നിറങ്ങള്‍. ഇതനുസരിച്ച് ജില്ലയില്‍ മിക്ക ബോട്ടുകളും പെയിന്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ജില്ലയിലെ പ്രധാന തുറമുഖമായ മടക്കരയില്‍ ഇപ്പോള്‍ നിറം മാറിയ ബോട്ടുകള്‍ മാത്രമാണ് എത്തുന്നത്. കഴിഞ്ഞ ട്രോളിങ് നിരോധന കാലയളവില്‍ ബോട്ടുകളുടെ നിറം മാറ്റണമെന്ന് ഉടമകളോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ നിറങ്ങളുമായി ബന്ധപ്പെട്ട ചില അവ്യക്തതകളും, വന്‍ സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് ഭൂരിപക്ഷം ബോട്ടുകളും ഈ കാലയളവില്‍ നിറം മാറ്റിയില്ല. ഇതേതുടര്‍ന്ന് നിറം മാറ്റാനുള്ള കാലാവധി രണ്ടു മാസത്തേക്കുകൂടി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. ഈ കാലാവധി സെപ്തംബര്‍ 30ന് അവസാനിക്കുകയാണ്. ഇതോടെ ഫിഷറീസ് വകുപ്പ് അധികൃതര്‍ നിറം മാറ്റാത്ത ബോട്ടുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മറ്റു സംസ്ഥാനങ്ങളിലെ ബോട്ടുകള്‍ നിറം മാറ്റാനുള്ള നിര്‍ദേശം നേരത്തെ തന്നെ പാലിച്ചിരുന്നു. കേരളത്തിലെ ബോട്ടുകള്‍ കൂടി നിറം മാറുന്നതോടെ ഓരോ സംസ്ഥാനങ്ങളിലെയും ബോട്ടുകളെ കടലില്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. രണ്ടുലക്ഷം രൂപയോളം ചിലവഴിച്ചാണ് ഉടമകള്‍ ബോട്ടുകളുടെ നിറം മാറ്റിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."